കലൂർ സ്റ്റേഡിയം അപകടം; രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

 
uma thomas

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് നിയമനടപടി തുടങ്ങി. അപകടത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു.

ഗിന്നസ് റെക്കോഡിടാൻ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് വക്കീൽ നോട്ടീസ്. കൊച്ചി കോർപറേഷൻ, ജിസിഡിഎ, സംഘാടകരായ മൃദംഗവിഷൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.

മതിയായ സുരക്ഷയൊരുക്കാതെ പരിപാടി നടത്തിയ മൃദംഗവിഷനും അനുമതി നൽകിയ കോർപറേഷനും ജിസിഡിഎയും ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നാണ് ഉമയുടെ ആരോപണം. അപകടം നടന്നിട്ട് കഴിഞ്ഞ ദിവസം ആണ് ഒരു വർഷം പൂർത്തിയായത്.

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ 47 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. ഉമ തോമസിൻറേത് അത്ഭുതകരമായ തിരിച്ച് വരവാണെന്നും നട്ടെല്ലിനേറ്റ പരിക്ക് ഭേദമാകാൻ വിശ്രമം അത്യാവശ്യമാണെന്നും അന്ന് റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബർ 29നാണ് 12,000 പേർ പങ്കെടുത്ത നൃത്ത പരിപാടിക്കിടെ കലൂർ സ്റ്റേഡിയത്തിൽ താത്കാലികമായി കെട്ടിപ്പൊക്കിയ സ്റ്റേജിൽ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റത്. വിഐപി ഗാലറിയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്ന ഉമ തോമസ് കാൽവഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡുകളും മറികടന്ന് നിന്ന് താഴേക്ക് വീഴുകയായിരുന്നു. താത്കാലികമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ബലമുള്ളതായിരുന്നില്ല. 20 അടിയോളം താഴ്ചയിലേക്കാണ് വീണത്.

Tags

Share this story

From Around the Web