ഇടത് വലത് മുന്നണികൾക്ക് സുരേഷ് ഗോപിയുടെ തൃശൂരിലെ ജയം അംഗീകരിക്കാനാവാത്ത മാനസികാവസ്ഥ- കെ സുരേന്ദ്രൻ

 
000

തൃശ്ശൂരിലെ വ്യാജ വോട്ട് ആരോപണത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് BJP മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടത് വലതു മുന്നണികൾക്ക് സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ ജയം അംഗീകരിക്കാൻ ആകാത്ത മാനസികാവസ്ഥയാണ്, പൂരംകലക്കിയാണ് ജയിച്ചതെന്ന ആരോപണം ത്യശൂരിലെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞപ്പോഴാണ് വോട്ട് ചേർക്കൽ ആരോപണവുമായി രണ്ട് കൂട്ടരും രംഗത്തിറങ്ങിയിരിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

സുരേഷ് ഗോപി ജയിച്ചത് മുക്കാൽ ലക്ഷത്തിലധികം വോട്ടിന്. വി എസ് സുനിൽ കുമാറിൻ്റെ ബൂത്തിലും അന്തിക്കാട് പഞ്ചായത്തിലും വരെ സുരേഷ് ഗോപിയാണ് ലീഡ് ചെയ്തത്. തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ ഏഴിൽ ആറ് നിയമസഭ മണ്ഡലങ്ങളിലും സമഗ്രമായ ലീഡാണ് സുരേഷ് ഗോപി നേടിയതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

തൃശൂരിൽ സുരേഷ്ഗോപി ജയിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പരിഹസിക്കാനായിരുന്നു ഇടതു-വലത് മുന്നണികൾ ശ്രമിച്ചിരുന്നതെങ്കിൽ അദ്ദേഹം ജയിച്ച ശേഷം അത് അംഗീകരിക്കാനാവാത്ത മാനസിക അവസ്ഥയിലേക്ക് അവർ മാറി.

പൂരംകലക്കിയാണ് ജയിച്ചതെന്ന ആരോപണം ത്യശൂരിലെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞപ്പോൾ ഇപ്പോൾ ഇതാ വോട്ട് ചേർക്കൽ ആരോപണവുമായി രണ്ട് കൂട്ടരും ഇറങ്ങിയിരിക്കുകയാണ്. സുരേഷ് ഗോപി ജയിച്ചത് മുക്കാൽ ലക്ഷത്തിലധികം വോട്ടിനാണെന്ന് നിങ്ങൾ മറക്കരുത്.

എൻ്റെ പ്രിയ സുഹൃത്ത് സുനിൽ കുമാറിൻ്റെ ബൂത്തിലും അന്തിക്കാട് പഞ്ചായത്തിലും വരെ സുരേഷ് ഗോപിയാണ് ലീഡ് ചെയ്തതെന്ന് ഓർക്കണം. ഇങ്ങനെ തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ ഏഴിൽ ആറ് നിയമസഭ മണ്ഡലങ്ങളിലും സമഗ്രമായ ലീഡാണ് സുരേഷ് ഗോപി നേടിയത്.കോൺഗ്രസുകാർ എന്നെ തോൽപ്പിച്ചുവെന്ന് പറഞ്ഞത് യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരനാണ്. അതിൻ്റെ പേരിൽ ജോസ് വെളളൂരിനെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു. സിപിഐയിലും സിപിഎമ്മിലും സമാനമായ സംഘടനാ നടപടികളുണ്ടായി.

അടിസ്ഥാന ഹിന്ദുവോട്ടുകൾ ബിജെപിക്ക് പോയത് കൊണ്ടാണ് തൃശൂരിൽ അവർ ജയിച്ചതെന്നും 20% വോട്ട് പിടിച്ചതെന്നും പറഞ്ഞത് സിപിഎം സംസ്ഥാന സമ്മേളനമാണ്. ഇതൊക്കെയായിട്ടും ഇപ്പോഴും ചിലർക്ക് സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാനാവാത്തത് മനസിലെ മാലിന്യം കൊണ്ട് മാത്രമാണ്.

തൊട്ടടുത്ത മണ്ഡലങ്ങളിൽ നിന്നും വോട്ട് മാറ്റി ചേർത്താണ് ബിജെപി വോട്ട് വർദ്ധിപ്പിച്ചതെന്നാണ് മറ്റൊരാരോപണം. തൊട്ടടുത്ത ആലത്തൂർ മണ്ഡലത്തിൽ ഒരു ലക്ഷത്തിൽ അധികം വോട്ടാണ് ബിജെപിക്ക് അധികം ലഭിച്ചത്. പാലക്കാടും പൊന്നാനിയിലും ക്രമാതീതമായി വോട്ട് കൂടുകയാണ് ചെയ്തത്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ട് ചേർത്തിട്ടുണ്ട്.

കൃത്യമായ അടിസ്ഥാന സംഘടനാ പ്രവർത്തനവും നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ 20% വോട്ട് നേടിയത്. വെറും ഒന്നര ശതമാനം വോട്ടിനാണ് രണ്ട് സീറ്റുകളിൽ ഞങ്ങൾ പരാജയപ്പെട്ടത്. എന്നിട്ടും ഞങ്ങൾ ജനാധിപത്യത്തെ പരിഹസിച്ചില്ല. 2016ൽ മുസ്ലിംലീഗ് ഗൾഫിലുളളവരുടെ വരെ കള്ളവോട്ട് ചെയ്ത തിരഞ്ഞെടുപ്പിൽ ഞാൻ 89 വോട്ടിനാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അന്നും നിയമ പോരാട്ടം നടത്തുകയാണ് ഞങ്ങൾ ചെയ്തത്. എന്നാൽ തോറ്റ് തുന്നംപാടിയിട്ടും ജനങ്ങളെ പല്ലിളിച്ച് കാണിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്.

Tags

Share this story

From Around the Web