നീതിയെ ശിക്ഷയായി മാത്രം പരിമിതപ്പെടുത്തരുത്: തടവുകാരുടെ ജൂബിലി ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ
വത്തിക്കാന്‍ സിറ്റി: നീതിയെ ശിക്ഷയായി മാത്രം പരിമിതപ്പെടുത്തരുതെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ തടവുകാര്‍ക്കായി അര്‍പ്പിച്ച ജൂബിലി ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ. ഓരോ വീഴ്ചയില്‍ നിന്നും തിരിച്ചുവരാന്‍ കഴിയണമെന്നും, ഒരു മനുഷ്യനെ പ്രവൃത്തികളുടെ മാത്രം അടിസ്ഥാനത്തില്‍ നിര്‍വചിക്കാനാവില്ലെന്നും നീതി എല്ലായ്‌പ്പോഴും പരിഹാരത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രക്രിയയാണെന്നും ഇതുവരെ മനസിലാക്കാത്ത നിരവധി പേരുണ്ടെന്ന് ജൂബിലി വിശുദ്ധ വര്‍ഷത്തിലെ അവസാന പ്രധാന ആഘോഷത്തില്‍ പാപ്പ പറഞ്ഞു.
ദുഷ്‌കരമായ സാഹചര്യങ്ങളില്‍പ്പോലും ബഹുമാനം, കാരുണ്യം എന്നിവ കാത്ത്‌സൂക്ഷിക്കുന്നത് അപ്രതീക്ഷിത ഫലം പുറപ്പെടുവിക്കുമെന്ന് പാപ്പ പറഞ്ഞു. വ്യക്തികള്‍ക്ക് തങ്ങളില്‍ തന്നെയും സമൂഹത്തിലുമുള്ള വിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുന്ന പൊതുമാപ്പ് അല്ലെങ്കില്‍ ക്ഷമയുടെ മറ്റ് രൂപങ്ങള്‍ ഉള്‍പ്പെടുത്താനും തടവുകാര്‍ക്ക് പുനഃസംയോജനത്തിനുള്ള യഥാര്‍ത്ഥ അവസരങ്ങള്‍ നല്‍കാനും ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തില്‍ ആഗ്രഹിച്ചിരുന്നതായി ലിയോ പാപ്പ അനുസ്മരിച്ചു. പല രാജ്യങ്ങളും അദ്ദേഹത്തിന്റെ ആഗ്രഹം പിന്തുടരുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാവര്‍ക്കും പലവിധത്തില്‍ പുനരാരംഭിക്കാനുള്ള സാധ്യത വാഗ്ദാനം ചെയ്ത കൃപയുടെ ഒരു വര്‍ഷമായിരുന്നു ജൂബിലി എന്നും പാപ്പാ പറഞ്ഞു.
തടവുകാരും അവരുടെ കുടുംബങ്ങളും, ജയില്‍ ചാപ്ലെയിന്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജയില്‍ ഭരണാധികാരികള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 90 രാജ്യങ്ങളില്‍ നിന്നുള്ള 6,000 ത്തോളം തീര്‍ത്ഥാടകര്‍ തടവുകാരുടെ ജൂബിലിയില്‍ പങ്കെടുത്തു. ജൂബിലി വര്‍ഷം അവസാനിക്കുമ്പോഴും ലോകമെമ്പാടുമുള്ള ജയില്‍ സംവിധാനങ്ങള്‍ക്കുള്ളില്‍ കാര്യമായ വെല്ലുവിളികള്‍ അവശേഷിക്കുന്നുണ്ടെന്ന് മാര്‍പാപ്പ അധികാരികളെ ഓര്‍മിപ്പിച്ചു.