ജസ്റ്റീസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടില്‍ സർക്കാർ ആത്മാർത്ഥ സമീപനം സ്വീകരിക്കണം: കെസിബിസി

 
2222
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെകുറിച്ച് പഠിച്ച് സമർപ്പിച്ച ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി, സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ നിന്നും 220 ശിപാർശകൾ പൂർണ്ണമായും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനിടെ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി. കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും കമ്മീഷൻ ശിപാർശകളിൽമേലുള്ള നടപടികളിൽ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചർച്ച നടത്തി തീരുമാനമെടുക്കണമെന്നും ക്രൈസ്തവ സമൂഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണെന്നും ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു.

വിവിധ സഭാ വിഭാഗങ്ങൾ ന്യായമായി ഉയർത്തിയ ഈ ആവശ്യങ്ങൾ സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. ഈ അടുത്ത നാളുകളിൽ സംഘടിപ്പിക്കപ്പെട്ട ഒരു ചർച്ചയിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും സർക്കാർ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാർശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞരാണ്. എന്തെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ അനുഭവം ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടില്ല.

റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കുകയും ഇതിനകം സ്വീകരിച്ച നടപടികളെ കുറിച്ച് ക്രൈസ്തവ സമൂഹത്തെ വ്യക്തമായി അറിയിക്കുകയും ചെയ്യാത്തിടത്തോളം, മുൻവർഷങ്ങളിൽ ആവർത്തിച്ച അവകാശവാദങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നതെന്ന് കരുതേണ്ടി വരും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇത്തരം താൽക്കാലിക നീക്കങ്ങൾക്ക് ഉപരിയായി ആത്മാർത്ഥമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പ്രസ്താവിച്ചു.

Tags

Share this story

From Around the Web