'ന്യായ വിധി നടപ്പാക്കണം'; നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ല, യെമന്‍ ഡെപ്യൂട്ടി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്‍

സന: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന നിലപാട് ശക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്‍ യെമന്‍ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി.
മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് യെമന്‍ ഡെപ്യൂട്ടി ജനറലിനെ അറിയിച്ചതായി തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച കത്തുള്‍പ്പെടെ തലാലിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.
ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്.
വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.