ജോസ് കെ മാണി മന്ത്രിയാകും, മുന്നണി മാറ്റമില്ല- അഭ്യൂഹങ്ങൾക്ക് മറുപടിയുമായി റോഷി അഗസ്റ്റിൻ

 
roshy

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും ജോസ് കെ. മാണിയും ഉജ്ജ്വല വിജയം കൈവരിക്കുമെന്നും അടുത്ത സർക്കാരിൽ ജോസ് കെ. മാണി മന്ത്രിയാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. പാർട്ടി പിളരുമെന്നോ മുന്നണി മാറുമെന്നോ ഉള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

താൻ മന്ത്രിസ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്ന ആളല്ലെന്നും ജോസ് കെ. മാണി മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും റോഷി വ്യക്തമാക്കി. പാർട്ടിയിൽ തർക്കങ്ങളുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി. "കേരള കോൺഗ്രസ് (എം) മാത്രമേയുള്ളൂ, അതിൽ ഞാനും ജോസ് കെ. മാണിയും ഒരുമിച്ചാണ്. എന്നെയും ജോസിനെയും വേർപിരിക്കാൻ ആർക്കും കഴിയില്ല," അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് വിടുമെന്ന രീതിയിൽ വന്ന വാർത്തകൾ തന്നെ വിഷമിപ്പിച്ചു. പാർട്ടിയെ ചേർത്തുനിർത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

തന്റെ വളർച്ചയിലും രാഷ്ട്രീയ ജീവിതത്തിലും കെ.എം. മാണി നൽകിയ സ്വാധീനം വലുതാണെന്ന് റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. മാണി സാറിന്റെ കുടുംബത്തോടും രാഷ്ട്രീയത്തോടും നീതി പുലർത്തുക എന്നത് തന്റെ കടമയാണെന്നും ആ ഉദാത്തമായ മാതൃക പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Tags

Share this story

From Around the Web