ജോസ് കെ. മാണിയെ മടക്കിക്കൊണ്ടുവരാൻ ബിഷപ്പുമാരുടെ നീക്കം; സോണിയ ഗാന്ധി നേരിട്ട് വിളിച്ചു; കോൺഗ്രസിന്റെ മൗനത്തിൽ ദുരൂഹത
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയെ യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തിക്കാൻ അണിയറയിൽ അതീവ രഹസ്യ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ മൂന്ന് പ്രമുഖ ക്രൈസ്തവ സഭാ ബിഷപ്പുമാരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ ഭാഗമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ജോസ് കെ. മാണിയെ നേരിട്ട് ഫോണിൽ വിളിച്ചതായും 'ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. എന്നാൽ സോണിയ ഗാന്ധിയുമായുള്ള സംഭാഷണത്തിൽ ജോസ് കെ. മാണി അനുകൂലമായോ പ്രതികൂലമായോ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
ഇത്രയും ഗൗരവകരമായ ഒരു വാർത്ത പുറത്തുവന്നിട്ടും കോൺഗ്രസ് നേതൃത്വം ഇത് നിഷേധിക്കാൻ തയ്യാറാകാത്തത് അഭ്യൂഹങ്ങൾക്ക് ബലമേകുന്നു. കഴിഞ്ഞ പത്തുവർഷമായി ചെറിയ കാര്യങ്ങളിൽ പോലും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേരുകൾ ഉപയോഗിക്കുന്ന കോൺഗ്രസ് നേതാക്കൾ, സോണിയ ഗാന്ധിയുടെ പേര് സംസ്ഥാന രാഷ്ട്രീയ നീക്കങ്ങളിൽ ഉപയോഗിക്കാറില്ലായിരുന്നു.
രാജ്യം ആദരവോടെ കാണുന്ന മുതിർന്ന നേതാവായ സോണിയ ഗാന്ധി, ബിഷപ്പുമാരുടെ മധ്യസ്ഥതയിൽ നടക്കുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങളിൽ നേരിട്ട് ഇടപെടുന്നത് എന്തിനാണെന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നു.
സോണിയ ഗാന്ധിയുടെ ഇടപെടലിന് പിന്നിൽ മതപരമായ സ്വത്വമാണോ ഘടകമായതെന്ന വിമർശനം ശക്തമാണ്. അങ്ങനെയാണെങ്കിൽ അത് ജനാധിപത്യ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന വാദവും ഉയരുന്നു.
അതല്ലെങ്കിൽ, ശബരിമല വിഷയത്തിലുണ്ടായ തിരിച്ചടികൾ മറികടക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ ഈ നീക്കത്തിന് പിന്നിൽ? എന്തായാലും ബിഷപ്പുമാരെ കൂട്ടുപിടിച്ച് നടക്കുന്ന ഈ 'കുതിരക്കച്ചവട' വാർത്തയിൽ കോൺഗ്രസ് നേതൃത്വം വ്യക്തത വരുത്തണമെന്ന ആവശ്യം പ്രവർത്തകർക്കിടയിലും ശക്തമായിരിക്കുകയാണ്.