രക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നവരുടെ അഹങ്കാരത്തെ യേശു വെല്ലുവിളിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ

 
leo 1234

രക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നവരുടെ അഹങ്കാരത്തെ യേശു വെല്ലുവിളിക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പ. ഓഗസ്റ്റ് 24-ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ തീർഥാടകരോട് “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുക, കാരണം പലരും പ്രവേശിക്കാൻ ശ്രമിക്കും, പക്ഷേ കഴിയുകയില്ല” (ലൂക്ക 13:22-30) എന്ന സുവിശേഷ ഭാഗത്തെക്കുറിച്ചുള്ള സന്ദേശം നൽകുകയായിരുന്നു പാപ്പ.

യേശു ക്രൈസ്തവരെ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ വിളിക്കുകയാണ്. രക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നവരുടെ അഹങ്കാരത്തെ യേശു വെല്ലുവിളിക്കുകയാണ്.

യേശു വിജയത്തിന്റെയോ ശക്തിയുടെയോ എളുപ്പവഴി തിരഞ്ഞെടുത്തില്ല; പകരം, നമ്മെ രക്ഷിക്കാൻ, കുരിശിന്റെ ‘ഇടുങ്ങിയ വാതിലിലൂടെ’ നടക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു,” പാപ്പ കൂട്ടിച്ചേർത്തു.

“കർത്താവിനെ അനുഗമിക്കുന്നതിന് ബുദ്ധിമുട്ടുള്ളതും ജനപ്രീതിയില്ലാത്തതുമായ തീരുമാനങ്ങൾ എടുക്കേണ്ടതും, നമ്മുടെ സ്വാർത്ഥ പ്രവണതകളെ ചെറുക്കേണ്ടതും, മറ്റുള്ളവരുടെ സേവനത്തിനായി നമ്മെത്തന്നെ സമർപ്പിക്കേണ്ടതും, തിന്മയുടെ യുക്തി നിലനിൽക്കുമ്പോൾ ശരിയായത് ചെയ്യുന്നതിൽ സ്ഥിരോത്സാഹം കാണിക്കേണ്ടതും ആവശ്യമായി വരുന്ന സമയങ്ങളുണ്ട്,” പാപ്പ വെളിപ്പെടുത്തി.

മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിൽ അക്രമം അനുഭവിക്കുന്ന ക്രൈസ്തവരെക്കുറിച്ച് പാപ്പ സന്ദേശത്തിൽ പരാമർശിച്ചു. “മരണത്തിനും കുടിയിറക്കത്തിനും കാരണമാകുന്ന അരക്ഷിതവും അക്രമാസക്തവുമായ ഒരു സാഹചര്യത്തിന്റെ ഇരകളായി മാറിയ മൊസാംബിക്കിലെ കാബോ ഡെൽഗാഡോയിലെ ജനങ്ങളോടുള്ള എന്റെ സാമിപ്യം ഞാൻ പ്രകടിപ്പിക്കുന്നു.

നമ്മുടെ സഹോദരീസഹോദരന്മാരെ മറക്കരുതെന്ന് അഭ്യർഥിക്കുന്നു. അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, കൂടാതെ ആ പ്രദേശത്ത് സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കുന്നതിൽ രാജ്യത്തെ നേതാക്കളുടെ ശ്രമങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web