ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലെയോ പതിനാലാമൻ പാപ്പയ്ക്ക് മോട്ടോർ സൈക്കിൾ നൽകി ‘ജീസസ് ബൈക്കേഴ്‌സ്’

ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു കസ്റ്റം ക്രൂയിസർ മോട്ടോർസൈക്കിൾ സമ്മാനിച്ച് ‘ജീസസ് ബൈക്കേഴ്‌സ്’ എന്ന മോട്ടോർസൈക്കിൾ ക്ലബ്. സെപ്റ്റംബർ മൂന്നിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന പൊതുസമ്മേളനത്തിന്റെ അവസാനത്തിൽ ക്രിസ്ത്യൻ ജീസസ് ബൈക്കേഴ്‌സിലെ അംഗങ്ങളുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ജർമ്മനിയിലെ ഷാഫ്‌ഹൈമിൽ നിന്ന് മൂന്ന് ദിവസത്തെ പകൽ യാത്രയ്ക്ക് ശേഷമാണ് ജൂബിലി തീർത്ഥാടനത്തിനായി അവർ റോമിലെത്തിയത്.
വെള്ള ബിഎംഡബ്ല്യു ആർ 18 മോട്ടോർസൈക്കിളിൽ പാപ്പ കുറച്ചുനേരം കയറി. അതിനുശേഷം അനുഗ്രഹിച്ച് മോട്ടോർസൈക്കിളിൽ പാപ്പ ഒപ്പിട്ടു. ബൈക്ക് യാത്രികർ കരഘോഷത്തോടെ പാപ്പയെ സ്വീകരിച്ചു. ഒക്ടോബർ 18 ന് മ്യൂണിക്കിൽ വച്ച് കസ്റ്റം-ഡിസൈൻ ചെയ്ത ഈ പേപ്പൽ മോട്ടോർസൈക്കിൾ ലേലം ചെയ്യും. മിസ്സിയോ ഓസ്ട്രിയ വഴി മഡഗാസ്കറിലെ മൈക്ക ഖനികളിൽ ജോലി ചെയ്യുന്ന കുട്ടികൾക്കായാണ് ഈ ഫണ്ട് പ്രയോജനപ്പെടുത്തുന്നത്.
“ഈ തീർത്ഥാടനത്തിന്റെ ഉദ്ദേശ്യം പോപ്പിനെ കാണാൻ വരുന്നത് മാത്രമല്ല. ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾക്കായുള്ള പദ്ധതിയിലൂടെ ദരിദ്രരിൽ ദരിദ്രരെ സഹായിക്കുക എന്നതുകൂടിയായിരുന്നു” എന്ന് മിസ്സിയോ ഓസ്ട്രിയയുടെ ഡയറക്ടർ ഫാദർ കാൾ വാൾനർ, ഒസിസ്റ്റ് പറഞ്ഞു. സെപ്റ്റംബർ മൂന്നിന് സദസ്സിലുണ്ടായിരുന്ന മോട്ടോർ സൈക്കിൾ യാത്രക്കാരിൽ ഒരാളായ റോക്കി എന്ന പേരിൽ അറിയപ്പെടുന്ന ബെർലിനിൽ നിന്നുള്ള ഒരു പ്രൊട്ടസ്റ്റന്റ്, ഇന്റർനെറ്റിൽ ക്ലബ് കണ്ടെത്തിയതിന് ശേഷം താൻ ജീസസ് ബൈക്കേഴ്‌സിൽ ചേർന്നതായി വെളിപ്പെടുത്തി.
ലോകമെമ്പാടുമായി നൂറിലധികം അംഗങ്ങളുള്ള ജീസസ് ബൈക്കേഴ്‌സിന്റെ ഓണററി അംഗമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 2019-ൽ പാപ്പയ്ക്കും ഇവരിൽ നിന്നും ഒരു വെളുത്ത മോട്ടോർസൈക്കിൾ ലഭിച്ചു.