ജിദ്ദ- കരിപ്പൂർ എയർ ഇന്ത്യ എക്സ്പ്രസിന് തകരാർ, ടയറുകൾ പൊട്ടി, വിമാനം നെടുമ്പാശേരിയിലിറക്കി

 
jidha

നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും റൺവേയിൽ തൊട്ടയുടൻ ടയറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തെങ്കിലും വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാവിലെ 9.10-ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് ലാൻഡിങ് ഗിയറിലെ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.

വിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ സിയാൽ (CIAL) അധികൃതർ ഊർജ്ജിതമാക്കി. തകരാർ ഉടൻ പരിഹരിക്കാൻ സാധിക്കാത്ത പക്ഷം യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്ന അതീവ ജാഗ്രത ലാൻഡിങ് വിജയകരമായതോടെ പിൻവലിച്ചു.

Tags

Share this story

From Around the Web