ഈ വർഷത്തെ ‘മാർച്ച് ഫോർ ലൈഫിൽ’ ജെ ഡി വാൻസും മൈക്ക് ജോൺസണും സംസാരിക്കും
ജനുവരി 23 ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന 2026 മാർച്ച് ഫോർ ലൈഫിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പ്രസംഗിക്കും. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ വൈസ് പ്രസിഡന്റായ വാൻസ്, റിപ്പബ്ലിക്കൻ ആയ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രതിനിധി ക്രിസ് സ്മിത്ത് എന്നിവരോടൊപ്പം 53-ാമത് വാർഷിക പ്രോ-ലൈഫ് പരിപാടിയിൽ മറ്റ് പ്രഭാഷകരോടൊപ്പം ചേരുമെന്ന് സംഘാടകർ പറഞ്ഞു.
“ജീവന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാഷണൽ മാളിൽ എല്ലാ വർഷവും എത്തുന്ന പതിനായിരക്കണക്കിന് അമേരിക്കക്കാരോട് വൈസ് പ്രസിഡന്റ് വാൻസ് നന്ദിയുള്ളവനാണ്. തുടർച്ചയായി രണ്ടാം വർഷവും അവരോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു” – വൈസ് പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. വൈസ് പ്രസിഡന്റായി രണ്ടാം തവണയും വാൻസ് പരിപാടിയിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും. 2025 ലെ മാർച്ച് ഫോർ ലൈഫിലും അദ്ദേഹം സംസാരിച്ചിരുന്നു.
2025 ലെ മാർച്ചിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഒരു പിതാവാകുന്നത് ‘ഒരു ഗർഭസ്ഥജീവൻ സംരക്ഷണം അർഹിക്കുന്നു’ എന്ന തന്റെ ബോധ്യങ്ങളെ ഉറപ്പിക്കാൻ സഹായിച്ചതായി വാൻസ് പറഞ്ഞു.