പ്രസിദ്ധീകരിക്കാത്ത ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് തന്ത്രമാക്കാനുള്ള നീക്കത്തിനെതിരെ സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ്
ഇടുക്കി: പ്രസിദ്ധീകരിക്കാത്ത ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് തന്ത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) സംസ്ഥാന സമിതി.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നയം തികച്ചും സമുദായിക വിരുദ്ധമാണെന്ന് എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് അലക്‌സ് തോമസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇത് വരെ തയ്യാറായിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കി കഴിഞ്ഞു, ബാക്കി ഉടനെ ശരിയാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത് ക്രൈസ്തവരെ മണ്ടന്മാരാക്കുന്ന മട്ടിലാണ്.
സര്‍ക്കാര്‍ ഇനിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടണം. ഈ സമുദായം അറിയാതെ അവര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാനും അവയെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭ്യമാക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി, അഡ്വ. പ്രീതിക്ഷ രാജ് എന്നിവര്‍ സംസാരിച്ചു.