ജസ്‌ലിയയുടെ മരണം; അങ്കമാലി പൊലീസിന് ക്ലീൻ ചിറ്റ്, നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്ന് റിപ്പോ‍ർട്ട്

 
222

എറണാകുളം: അങ്കമാലിയിൽ വിദ്യാർഥിനി ജസ്‌ലിയയുടെ ജീവനെടുത്ത അപകടമരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ അങ്കമാലി പൊലീസിന് ക്ലീൻ ചിറ്റ്. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും അന്വേഷണ റിപ്പോർട്ട്. റൂറൽ എസ്പിയുടെ നിർദേശപ്രകാരം ആലുവ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്.

പ്രതി ഡോക്ടർ സിറിയക്ക് ജോർജ് പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്ന് കളഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയേ പിടികൂടാൻ കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിച്ചുവെന്ന് മരിച്ച ജാസ്‌ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനി ജസ്ലിയ ജോൺസണിനെ ഫെബ്രുവരി 28-ാം തീയതി പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. അമിതവേഗത്തിലെത്തിയ കാർ ജസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം നിർത്താതെ പോവുകയായിരുന്നു.

പ്രതി സിറിയക് ജോർജിനെ സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാലാക്ക മെഡിക്കൽ കോളേജിൽ എംബിബ.എസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ്, സഹപാഠി അക്ഷയ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പിടിച്ചെടുത്തിരുന്നു.

Tags

Share this story

From Around the Web