സ്മാർട്ട്‌ഫോൺ ഉപയോഗം ദിവസേന രണ്ടുമണിക്കൂറാക്കി പരിമിതപ്പെടുത്തുക: ഉത്തരവ് പാസ്സാക്കി ജപ്പാൻ

 
smart phone

ജോലിക്കോ, പഠനത്തിനോ വേണ്ടിയല്ലാതെയുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തുന്ന കരട് ഓർഡിനൻസ് പാസ്സാക്കി ജപ്പാൻ. ഗെയിമുകളുടെയും മറ്റു ഡിജിറ്റൽ സ്‌ക്രീനുകൾ എന്നിവയുടെയും ദൈനംദിന ഉപയോഗം പരമാവധി രണ്ടുമണിക്കൂറാക്കി പരിമിതപ്പെടുത്താൻ പൗരന്മാരെ പ്രേരിപ്പിക്കുന്ന ഒരു ഓർഡിനൻസാണ് ജപ്പാൻ പാസ്സാക്കിയിരിക്കുന്നത്.

പുതിയ മാർഗനിർദേശത്തിലൂടെ, അമിതമായി സ്‌ക്രീൻ ഉപയോഗിക്കപ്പെടുന്ന വീഡിയോകളും ​ഗെയിമുകളും മനുഷ്യരുടെ ഉറക്കക്കുറവിനു കാരണമാകുമെന്നും കൂടാതെ അത് കുടുംബവുമായുള്ള ഇടപെടൽ കുറയ്ക്കുമെന്നും ജാപ്പനീസ് സർക്കാർ പറയുന്നു. 19 കൗൺസിൽ അംഗങ്ങളിൽ 12 പേർ അനുകൂലമായി വോട്ട് ചെയ്തതോടെ ഓർഡിനൻസ് പാസ്സാവുകയായിരുന്നു.

ഈ നിർദേശപ്രകാരം, പ്രാഥമിക വിദ്യാലയത്തിലെ കുട്ടികൾ രാത്രി ഒൻപതു മണിക്കുശേഷം സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കരുതെന്ന് നിർദേശിക്കുന്നു. അതേസമയം ഹൈസ്‌കൂൾ വിദ്യാർഥികളും മുതിർന്ന വിദ്യാർഥികളും രാത്രി പത്തുമണിയോടെ ഫോൺ ഉപയോ​ഗം നിർത്തണം. 18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളുടെയും ശാരീരികവും മാനസികവുമായ വികാസത്തിന് മതിയായ വിശ്രമം അത്യന്താപേക്ഷിതമാണെന്ന് ഓർഡിനൻസ് ഊന്നിപ്പറയുന്നു. മാതാപിതാക്കൾ വീട്ടിൽ ഉപകരണങ്ങളുടെ ഉപയോഗത്തിന് വ്യക്തമായ നിയമങ്ങൾ സ്ഥാപിക്കണമെന്നും ഓർഡിനൻസിൽ പറയുന്നു.

ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുന്ന പുതിയ നിയമം എല്ലാ തദ്ദേശീയപൗരന്മാരും പാലിക്കണം. എന്നിരുന്നാലും, ‘ഓർഡിനൻസിൽ ഒരു നിർവഹണമോ, പിഴയോ ഇല്ല’ എന്നും ഇതിൽ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web