വി.ഡി സതീശനുവേണ്ടി പോർക്കളം നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും. ക്രൈസ്തവർ വി.ഡി വിരുദ്ധ നിലപാടിലേക്ക്. കെ.സിയെയോ ആർ.സിയെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കമെന്ന് ആവശ്യം
കോട്ടയം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരിൽ വി.ഡി സതീശനു വേണ്ടി ജമാ അത്തെ ഇസ്ലാമി രംഗത്തുവന്നതോടെ ക്രൈസ്തവ കേന്ദ്രങ്ങൾ വി.ഡി വിരുദ്ധ നിലപാടിലേക്ക്.
വിഡിക്കെതിരെ സഭാപിതാക്കന്മാരെ കണ്ട് ആശങ്കയറിയിക്കുന്നവരുടെ എണ്ണം ഏറുന്നു.
എക്കാലവും മത രാഷ്ട്ര വാദം ഉയർത്തുന്നവരാണ് ജമാ അത്തെ ഇസ്ലാമി. ഇക്കുറി തെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ പരസ്യമായി സ്വീകരിക്കാൻ വിഡി സതീശൻ തീരുമാനിക്കുകയായിരുന്നു.
പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നു സതീശൻ വാദിച്ചത് മതരാഷ്ട്ര വാദം ജമാ അത്തെ ഇസ്ലാമി ഉപേക്ഷിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ്.
പാർട്ടിയിൽ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും അതെല്ലാം അവഗണിച്ചാണ് സതീശൻ ജമാ അത്തെ ഇസ്ലാമിക്കു വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചത്.
ഇപ്പോൾ പ്രത്യുപകാരമെന്നോണം ജമാ അത്തെ ഇസ്ലാമി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പിന്തുണയ്ക്കുന്നു.
കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍ ഹൈക്കമാന്‍ഡെങ്ങാനും തീരുമാനിക്കുകയാണെങ്കില്‍ യുഡിഎഫിന് വോട്ട് ചെയ്ത സകല മനുഷ്യരും തെരുവിലിറങ്ങണം..., സമ്മതിക്കരുതെന്നും ജമാഅത്തെ നേതാവ് ഡോ. അബ്ദുസ്സലാം അഹമദ് ആഹ്വാനം ചെയ്യുന്നു.
ഇതോടൊപ്പം തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുന്നു എന്നു പറഞ്ഞ എസ്.ഡി.പി.ഐയുടെ സൈബർ ഹാൻഡിലുകൾ സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന മുറവിളി തുടങ്ങിയിട്ടുണ്ട്.
സൈബറിടത്ത് നിരവധി എസ്.ഡി.പി.ഐ പ്രൊഫൈലുകളാണ് സതീശനു വേണ്ടി രംഗത്തുവരുകയും ചെയ്തത്.
ഇത് ക്രൈസ്തവ സമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. സതീശൻ മുഖ്യമന്ത്രിയായാൽ അമിത മുസ്ലിം പ്രീണനം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്ന നിരവധി പേരാണ് സഭാ അധ്യക്ഷന്മാരെ അരമനയിൽ എത്തി കണ്ട് ആശങ്ക അറിയിക്കുന്നത്.
നിഷ്പക്ഷത പുലർത്താൻ സതീശനാകുമോ എന്ന ആശങ്കയാണ് ഇവർ സഭാ നേതാക്കളോട് ചോദിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ കെ.സി വേണുഗോപാലിനെയോ രമേശ് ചെന്നിത്തലയെയോ മുഖ്യ മന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കണമെന്ന ആവശ്യം ഇക്കൂട്ടർ ബിഷപ്പുമാർക്ക് മുന്നിലേക്ക് വെക്കുന്നു.
എല്ലാ മത വിഭാഗങ്ങളോടും തുല്യ സൗഹൃദം പുലർത്തുന്ന നേതാക്കളാണ് ഇരുവരും.
സഭയുടെ ഉൾപ്പെടെ വോട്ട് കൂടി വാങ്ങിയാണ് ഇക്കുറി യുഡിഎഫ് ചരിത്ര വിജയം നേടിയത്.
എന്നാൽ, അധികാരം ഒരു വിഭാഗത്തിനുമായി കേന്ദ്രീകരിക്കപ്പെടുന്നത് ആശങ്കപ്പെടുത്തുന്നതാണ് എന്നും ഇവർ ബിഷപ്പുമാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സഭാ നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. കെ സി വേണുഗോപാലിനാണ് വിശ്വാസികൾക്കിടയിൽ പിന്തുണ കൂടുതൽ ഉള്ളത്.