ജലന്ധർ രൂപതാധ്യക്ഷനായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി

ജലന്ധർ: മെത്രാന്മാരും വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ജലന്ധർ രൂപത ബിഷപ്പായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി.
ജലന്ധർ ട്രിനിറ്റി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന മെ ത്രാഭിഷേക ചടങ്ങിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ജലന്ധർ രൂപത മുൻഅപ്പസ്തോലിക് അഡ്മിനി സ്ട്രേറ്ററായിരുന്ന ബിഷപ്പ് ഡോ. ആഗ്‌നലോ റുഫിനോ ഗ്രേഷ്യസ്, ഉജൈൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായിരുന്നു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ ആശീർവാദവും ആശംസകളും അറിയിച്ച് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി അനുമോദന പ്രസംഗം നടത്തി.
ഷിംല-ചണ്ഡീഗഡ് ബിഷപ്പ് ഡോ. സഹായ തഥേവൂസ് തോമസ് സന്ദേശം നൽകി. ബിഷപ്പ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ അമ്മ ഏലിക്കുട്ടി പ്രായത്തിന്റെ വിഷമതകൾ മറന്ന് മകന്റെ സ്ഥാനാരോഹണച്ചടങ്ങുകളിൽ നേരിട്ടു സാക്ഷിയാകാൻ കോട്ടയം ജില്ലയിലെ കാളകെട്ടിയിൽനിന്നെത്തിയിരുന്നു. മെത്രാഭിഷേകത്തിനു പിന്നാലെ ബിഷപ്പ് തെക്കുംചേരിക്കുന്നേൽ വേദിക്കു താഴെയെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.