"റാമിൽ നിന്ന് സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്"; അഞ്ചരക്കണ്ടി കോളേജിനെതിരെ പരാതിയുമായി പൂർവവിദ്യാർഥികൾ
 

 
dental

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അലുമിനി അസോസിയേഷനും പൂർവവിദ്യാർഥികളും രംഗത്ത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ സർവകലാശാല രജിസ്ട്രാർക്കും സംഘടന കത്തയച്ചു.

വിവാദത്തിലായ ഡോ. റാമിൽ നിന്ന് തങ്ങൾക്കും സമാനമായ മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പൂർവവിദ്യാർഥികൾ വെളിപ്പെടുത്തി. പരാതി നൽകിയ വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് കുറയ്ക്കുകയും പ്രാക്ടിക്കൽ പരീക്ഷകളിൽ പരാജയപ്പെടുത്തുകയും ചെയ്യുന്ന പ്രതികാര നടപടികൾ പതിവായിരുന്നു. റാം ഒരു അധ്യാപകനല്ലെന്നും മൃഗത്തെപ്പോലെയാണ് പെരുമാറുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഭയം കാരണമാണ് പലരും പരാതി പറയാൻ മടിക്കുന്നത്. മുൻപ് പരാതികൾ നൽകിയപ്പോൾ അന്നത്തെ പ്രിൻസിപ്പൽ കുറ്റാരോപിതർക്കൊപ്പം നിന്ന് പരാതിക്കാരെ ദ്രോഹിച്ചതായും അലുമിനി അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

നിതിനെ ഡോ. റാം വ്യക്തിപരമായി ലക്ഷ്യം വെച്ചിരുന്നതായി സഹപാഠി ആർച്ച വെളിപ്പെടുത്തി. നിതിന്റെ മരണത്തിന് മുൻപ് നടന്ന പീഡനങ്ങളെക്കുറിച്ച് വിദ്യാർഥികൾ പറയുന്നത് ഇങ്ങനെ: നിറത്തിന്റെ പേരിൽ നിതിനെ നിരന്തരം കളിയാക്കുമായിരുന്നു. നിറം കൂടിയവരെ 'വെള്ളപ്പാറ്റ' എന്നും പെൺകുട്ടികളെ 'കറുത്ത പശു' എന്നും വിളിച്ച് ആക്ഷേപിച്ചിരുന്നു. ചെരുപ്പിട്ട് വന്ന വിദ്യാർഥിയെ 'കോളനി' എന്ന് വിളിക്കുകയും ഗോത്രവർഗക്കാരനെപ്പോലെയുണ്ടെന്ന് പരിഹസിക്കുകയും ചെയ്തു. 

സഹപാഠിയായ പെൺകുട്ടിയെക്കൊണ്ട് മറ്റൊരു വിദ്യാർഥിയെ ചെരുപ്പൂരി തല്ലിക്കാൻ അധ്യാപകൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഇതിനെതിരെ പ്രതികരിച്ചാൽ അറ്റൻഡൻസ് കുറയ്ക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നത് കോളേജിലെ പതിവാണെന്ന് വിദ്യാർഥികൾ വെളിപ്പെടുത്തി. നിതിൻ രാജിന്റെ മരണം യാദൃശ്ചികമല്ലെന്നും വർഷങ്ങളായി തുടരുന്ന ഇത്തരത്തിലുള്ള മാനസിക പീഡനങ്ങളുടെ പരിസമാപ്തിയാണെന്നുമാണ് സഹപാഠികളുടെ ആരോപണം.

Tags

Share this story

From Around the Web