കനത്ത ചൂടാണ് പുറത്ത്; തണുപ്പ് തേടി പുറത്തിറങ്ങുന്ന പാമ്പുകൾ ജീവനെടുക്കാതെ നോക്കണം
കഴിഞ്ഞ ദിവസം കേരളം ഉണർന്നത് തൃശൂര്‍ കൊടകര മറ്റത്തൂരിൽ വീട്ടിൽ എട്ടു വയസ്സുകാരന്റെ അതിദാരുണമായ മരണവാർത്ത കേട്ടാണ്. കുടുംബത്തിനൊപ്പം വീട്ടിൽ ജനാലകൾ തുറന്ന് കിടന്നുറങ്ങിയ എട്ടുവയസ്സുകാരൻ ആല്‍ജോയേയും സഹോദരനെയും പാമ്പ് കടിക്കുകയും, അൽജോ മരിക്കുകയും മൂത്ത സഹോദരനായ പത്തുവയസുകാരന്‍ അനോജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നുമുള്ള ഞെട്ടിക്കുന്ന വാർത്ത ഏറെ വിഷമിപ്പിക്കുന്നതും നമ്മൾ എല്ലാവരും പേടിക്കേണ്ടതുമാണ്. ചൂട് കൂടുമ്പോൾ തണുപ്പ് തേടിയിറങ്ങുന്ന പാമ്പുകൾ ഏത് വഴിയും നമ്മുടെ വീട്ടിലേക്കും, നമ്മൾ നടക്കുന്ന വഴികളിലും പതുങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഈ ചൂട് കാലത്ത് പാമ്പുകളെ ഏറെ ഭയക്കേണ്ടതുണ്ട്.
പാമ്പുകളെ പേടിച്ചേ പറ്റൂ
ചൂടുള്ള കാലാവസ്ഥയിൽ മനുഷ്യർ നല്ല തണുത്ത അന്തരീക്ഷം തേടി പുറത്തിറങ്ങുന്നതുപോലെ തന്നെ പാമ്പുകളും കൂടുതൽ സജീവമാകാറുണ്ട്. ഈ സമയത്താണ് പാമ്പുകൾ ജനവാസ മേഖലകളിൽ കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. അത് നമ്മുടെ വീടോ കിടന്നുറങ്ങുന്ന കട്ടിലോ കൊണ്ടുനടക്കുന്ന ബാഗോ എവിടെയും ആകാം. എന്നാൽ ചൂടുള്ള കാലാവസ്ഥയിൽ പാമ്പുകളെ ഒഴിവാക്കേണ്ടത് എങ്ങനെയെന്നും എന്തുകൊണ്ട് അവ പുറത്തിറങ്ങുന്നുവെന്നും നാം അറിഞ്ഞിരിക്കണം.
പാമ്പുകൾ അധികമായി പുറത്തേക്ക് കാണപ്പെടുന്നതിന് കാരണം
പാമ്പുകൾ ശീതരക്തമുള്ള (Cold-blooded) ജീവികളാണ്. അന്തരീക്ഷ താപനില വർദ്ധിക്കുമ്പോൾ ശരീരത്തിലെ ചൂട് നിയന്ത്രിക്കാൻ അവയ്ക്ക് കഴിയാറില്ല. അതിനാൽ, അമിതമായ ചൂടിൽ നിന്ന് രക്ഷപ്പെടാൻ തണുപ്പുള്ള ഇടങ്ങൾ തേടി അവ പുറത്തിറങ്ങുന്നു. കിണറുകൾ, വീടിന്റെ തണുപ്പുള്ള മൂലകൾ, ചെടിച്ചട്ടികൾക്കിടയിലുള്ള നനഞ്ഞ ഭാഗങ്ങൾ എന്നിവ അവയുടെ പ്രിയപ്പെട്ട താവളങ്ങളായി മാറും. ഈ സമയങ്ങളിൽ മനുഷ്യരും ഏറെ ശ്രദ്ധ പുലർത്തണം. അപ്രതീക്ഷിതമായ എവിടെയും ഇവയെ കാണാൻ സാധിക്കും.
വേനൽക്കാലത്ത് പാമ്പ് അക്രമകാരികൾ ആകാൻ കാരണം
ചൂടുള്ള കാലാവസ്ഥയിൽ പാമ്പുകൾ കൂടുതൽ അക്രമകാരികളാകുന്നു. ഈ സമയങ്ങളിലാണ് കൂടുതൽ പാമ്പ് കടിയേറ്റ വാർത്തകൾ വരുന്നതും. ഇതിനു കാരണം പാമ്പുകൾ ശീതരക്തമുള്ള ജീവികളാണെന്നതാണ്. അന്തരീക്ഷ താപനില ഉയരുമ്പോൾ അവയുടെ ശരീരത്തിലെ മെറ്റബോളിസം നിരക്ക് വർദ്ധിക്കുന്നു. ഇതിന്റെ ഫലമായി അവയ്ക്ക് കൂടുതൽ വിശപ്പും ദാഹവും അനുഭവപ്പെടുകയും ഭക്ഷണത്തിനും വെള്ളത്തിനുമായി കൂടുതൽ ദൂരം സഞ്ചരിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ശരീരത്തിലെ ചൂട് ക്രമീകരിക്കാൻ പ്രയാസപ്പെടുന്ന സാഹചര്യങ്ങളിൽ പാമ്പുകൾ കൂടുതൽ പ്രകോപിതരാകുകയോ പ്രതിരോധ സ്വഭാവം കാണിക്കുകയോ ചെയ്തേക്കാം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പാമ്പുകളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നുണ്ട്. അതിനാൽ, വേനൽക്കാലത്ത് വെളിയിൽ ഇറങ്ങുമ്പോഴും വീട്ടുപരിസരത്തും അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
വീടുകളിലും പരിസരങ്ങളിലും പാമ്പുകൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
പരിസര ശുചിത്വം: വീടിന് ചുറ്റുമുള്ള കാടുകളും പടർപ്പുകളും വെട്ടിത്തെളിക്കുക. പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ സൗകര്യപ്രദമായ രീതിയിൽ കല്ലുകളോ വിറകോ കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക.
എലിശല്യം ഒഴിവാക്കുക: പാമ്പുകളുടെ പ്രധാന ഭക്ഷണം എലികളാണ്. പരിസരത്ത് എലികളുടെ സാന്നിധ്യം കുറയ്ക്കുന്നത് വഴി ഒരു പരിധിവരെ പാമ്പുകളെ അകറ്റി നിർത്താം.
നൈറ്റ് വാക്കിംഗ്: ചൂടുള്ള സമയങ്ങളിൽ രാത്രികാലങ്ങളിലാണ് പാമ്പുകൾ ഇരതേടി ഇറങ്ങുന്നത്. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ച് ഉപയോഗിക്കുക.
നനഞ്ഞ ഇടങ്ങൾ: വേനലിൽ നനവുള്ള സ്ഥലങ്ങളിൽ പാമ്പുകൾ വരാൻ സാധ്യത കൂടുതലായതിനാൽ തൊടിയിലും പറമ്പിലും ജോലി ചെയ്യുമ്പോൾ ഗ്ലൗസും ബൂട്ടും ധരിക്കാൻ ശ്രമിക്കുക.
അൽജോയേയും അനോജിനെയും പാമ്പ് കടിച്ചതാണെന്ന് അറിഞ്ഞ നാട്ടുകാരും ബന്ധുക്കളും വീട്ടില്‍ എത്തി പരിശോധിച്ചപ്പോൾ പാമ്പിന കണ്ടെത്തിയത് ഇവർ കിടന്നിരുന്ന കട്ടിലിലെ തലയണയ്ക്കടിയില്‍ ആയിരുന്നു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട വിഷപ്പാമ്പാണ് കുട്ടികളെ കടിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജീവിതത്തിനും മരണത്തിനും ഇടയിൽ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുന്ന അനോജിന് വേണ്ടി ഒരു നാട് മുഴുവൻ പ്രാർഥനയിലാണ്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും ഈ കടുത്ത വേനലിൽ ജാഗരൂകരായിരിക്കണം.
കടപ്പാട് ലൈഫ് ഡേ