'എട്ടു മുക്കാലട്ടി വച്ചതു പോലെ'; പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം

 
3333

തിരുവനന്തപുരം: പ്രതിപക്ഷ അംഗത്തിന് നേരെയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'എട്ടുമുക്കാല്‍ അട്ടിവച്ച പോലെ ഒരാള്‍' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് വി.ഡി. സതീശൻ രംഗത്തെത്തിയത്. ഉയരം കുറഞ്ഞ ആളുകളോട് മുഖ്യമന്ത്രിക്ക് പുച്ഛമാണോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്മിങ്ങാണെന്നും ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആവശ്യം. ഒന്നെങ്കിൽ മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണം അല്ലെങ്കിൽ സഭാ രേഖകളിൽ നിന്ന് പ്രസ്താവന മാറ്റണമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉയരക്കുറവിനെ കളിയാക്കാൻ പാടില്ല. പുരോഗമനകാരികൾ ആണെന്ന് പറഞ്ഞ് ഇടതുപക്ഷത്തിൻ്റെ വായിൽ നിന്നും വരുന്നത് ഇത്തരം പരാമർശങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

"ഉമാ തോമസിന്റെ ആരോഗ്യത്തെക്കുറിച്ചും പരാമർശം ഉണ്ടായിരുന്നു. നേരത്തെ മന്ത്രി വാസവനും ഇത്തരം പരാമർശം നടത്തിയിരുന്നു. അമിതാബച്ചനെ പോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായി എന്നായിരുന്നു പരാമർശം. ഇന്ദ്രൻസിന് എന്താണ് പ്രശ്നം" വി.ഡി. സതീശൻ ചോദിച്ചു.

എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട് എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. "എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്.അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിന് ആക്രമിക്കാന്‍ പോവുകയായിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചു'' ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

Tags

Share this story

From Around the Web