ഇന്നും മഴ ഉണ്ടാകും... കോട്ടയത്തെ തണുപ്പിച്ചു വേനല്‍ മഴ. പ്രതീക്ഷയോടെ മലയോര കര്‍ഷകര്‍. നെല്‍കര്‍ഷകര്‍ക്ക് ആശങ്ക.
കോട്ടയം: ഇന്നും മഴ ഉണ്ടാകും, കോട്ടയത്തെ തണുപ്പിച്ചു വേനല്‍ മഴ. കോട്ടയം ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ ആരംഭിച്ച മഴ രാത്രി വൈകിയും തുടർന്നു. മഴയിൽ മരം വീണ്ടു പലയിടത്തും വൈദ്യുതി ബന്ധം മുടങ്ങിയിട്ടുണ്ട്.
മഴ പെയ്തതോടെ കൃഷി രീതികള്‍ മാറ്റിത്തുടങ്ങാമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. കുംഭ മാസത്തിലെ ഭരണി നാളില്‍ ചേന നടുന്ന കര്‍ഷകരുടെ രീതിയ്ക്കു മഴ പെയ്യുന്നതു ഗുണകരമാകുമെന്നാണു കര്‍ഷകരുടെ വിശ്വാസം, നാളെയാണു കുംഭ ഭരണി. ഏതാനും ദിവസം മഴ പെയ്തു മണ്ണ് ആഴത്തില്‍ നനഞ്ഞാല്‍ കപ്പ ഇടുന്ന ജോലികളിലേക്കും കടക്കാം. ശക്തമായ മഴ പെയ്താല്‍ ടാപ്പിങ്ങ് പുനരാരംഭിക്കാമെന്നു വിചാരിക്കുന്ന കര്‍ഷകരുമുണ്ട്. വാഴ, പച്ചക്കറി കര്‍ഷകര്‍ക്കും മഴ ഗുണകരമാണ്. എന്നാല്‍, മഴയെ നെല്‍ക്കര്‍ഷകര്‍ ഭയത്തോടെയാണ് നോക്കുന്നത്. പുഞ്ചക്കൊയ്ത്ത് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സജീവമാണ്, മിക്ക പാടശേഖരങ്ങളിലും നെല്ല് കൊയ്ത് കൂട്ടിയിട്ടിരിക്കുകയാണ്.
ഈ വര്‍ഷം ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. വ്യാഴം ഉള്‍പ്പെടെ ഈ വര്‍ഷം രണ്ടു തവണ പകല്‍ താപനില 37 ഡിഗ്രിയായി ഉയര്‍ന്നിരുന്നു. ഈ വര്‍ഷത്തെ റെക്കോര്‍ഡാണിത്, വ്യാഴാഴ്ച രാജ്യത്തെ ഉയര്‍ന്ന താപനിലയും കോട്ടയത്താണ് രേഖപ്പെടുത്തിയത്. സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ 2.6 ഡിഗ്രി കൂടുതലാണ് അന്ന് അനുഭവപ്പെട്ട താപനില. ഇതിനിടെ തുടര്‍ച്ചയായി അള്‍ട്രാ വയലറ്റ് വികിരണം കൂടുതല്‍ ഉള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ചങ്ങനാശേരിയും ഉള്‍പ്പടെന്നു.
അതേസമയം, ന്യൂനമര്‍ദത്തെത്തുടര്‍ന്നു ജില്ല ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ തെക്കു മധ്യ ഭാഗങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴയ്ക്കാണു പ്രവചനം. ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ പെയ്ത മഴയുടെ അളവ് 15.3 മില്ലീമീറ്റര്‍ മാത്രം, പ്രതീക്ഷിച്ചതിനേക്കാള്‍ 38 ശതമാനം കുറവ്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കുറവ്. ഏതാനും വര്‍ഷങ്ങളായി ജനുവരി മാസത്തില്‍ ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍, ഇത്തവണ ഡിസംബര്‍ ആദ്യ വാരത്തിനു ശേഷം ജില്ലയില്‍ ശക്തമായ മഴ ലഭിച്ചിരുന്നില്ല. ബുധനാഴ്ച ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇടത്തരം മഴ പെയ്തിരുന്നു.