'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സിന്റെ സംഘാടനത്തിലെ പോരായ്മകളെക്കുറിച്ചും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെക്കുറിച്ചും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പരാമര്‍ശം വന്നതിന് പിന്നാലെയാണ് അതിരൂക്ഷവിമര്‍ശനവുമായി മോദി രംഗത്തെത്തിയത്.
സാമൂഹികമാധ്യമമായ എക്സിലാണ് അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. രാഷ്ട്രപതി സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 'ഇത് ലജ്ജാകരവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവിഭാഗത്തിന്റെ ശാക്തീകരണത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍പേരും നിരാശരാണ്. ഗോത്രവിഭാഗക്കാരിയായ രാഷ്ട്രപതി തന്നെ പ്രകടിപ്പിച്ച വേദനയും നിരാശയും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ അതീവദുഃഖം ഉണ്ടാക്കിയിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. രാഷ്ട്രപതിക്കുണ്ടായ ഈ അപമാനത്തിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദികള്‍. സാന്താള്‍ സംസ്‌കാരം പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നിനെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രപതീപദം രാഷ്ട്രീയത്തിന് മുകളിലാണ്. അതിന്റെ പരിശുദ്ധിയെ എല്ലായ്പ്പോഴും ബഹുമാനിക്കണം, മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.