80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും; ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍

സര്‍വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ലക്ഷ്യം. ഒപ്പം ഇനി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും നടത്തും.
സാക്ഷരതാ സര്‍വേ മാതൃകയില്‍ കോളേജ് വിദ്യാര്‍ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.
തുടര്‍ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് ജനഹിതം അറിയാന്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.