നിർമ്മിത ബുദ്ധിയിൽ ദൈവസാന്നിധ്യം കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരിക്കും: ലെയോ പതിനാലാമൻ പാപ്പ

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ ഔദ്യോഗിക അഭിമുഖത്തിൽ, നിർമ്മിത ബുദ്ധിയിൽ (Artificial Intelligece) ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് വെളിപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. ഡിജിറ്റൽ മേഖലയിൽ കടന്നുവരുന്ന മനുഷ്യത്വത്തിന്റെ നഷ്ടത്തെക്കുറിച്ചും പാപ്പ ചൂണ്ടിക്കാട്ടി.
അതിസമ്പന്നരായ ആളുകൾ നിർമ്മിത ബുദ്ധിയിൽ നിക്ഷേപം നടത്തുകയും മനുഷ്യരുടെയും മനുഷ്യത്വത്തിന്റെയും മൂല്യം പൂർണ്ണമായും അവഗണിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ ലോകം അതിന്റേതായ പാത പിന്തുടരുകയും നമ്മൾ കരുക്കളായി മാറുകയോ അല്ലെങ്കിൽ മാറ്റിനിർത്തപ്പെടുകയോ ചെയ്യും എന്നതാണ് അപകടം. ഇക്കാര്യത്തിൽ സഭ സംസാരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,” പാപ്പ മുന്നറിയിപ്പ് നൽകി.
“വൈദ്യശാസ്ത്ര ലോകത്തും മറ്റ് മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വലിയ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇതിൽ ഒരു അപകടമുണ്ട്, കാരണം നിങ്ങൾ ഒരു തെറ്റായ ലോകം സൃഷ്ടിക്കുകയും പിന്നീട് നിങ്ങൾ സ്വയം ചോദിക്കുകയും ചെയ്യുന്നു: സത്യം എന്താണ്?” പാപ്പ കൂട്ടിച്ചേർത്തു.