വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ കൊന്നത് കടുവയല്ല, കരടി; മുഖത്തിന്‍റെ ഒരു ഭാഗമടക്കം കടിച്ചെടുത്തു

തൃശൂർ: വാൽപ്പാറയിൽ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടിയാണെന്ന് അധികൃതർ. വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മുഖത്തെ മുറിവ് കരടിയുടെ ആക്രമണരീതിയിലുള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചത്.
തിങ്കളാഴ്ച വൈകിട്ട് വേവർലി എസ്റ്റേറ്റിൽവെച്ചാണ് അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്‌ലാം കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിക്ക് പാൽ വാങ്ങാനായി കടയിലേക്ക് പോയ കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്തതിനെ തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. രാത്രി ഏഴോടെ തേയിലത്തോട്ടത്തിനുള്ളിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.
പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ പുറത്തുവന്ന വിവരം. മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല.
കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കരടിയെ പിടികൂടുന്നതിന് ശ്രമം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
അടുത്തിടെ വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ നാല് വയസുള്ള മകൾ റൂസിനിയെ പുലി കടിച്ചുകൊന്നിരുന്നു. ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടിൽ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവിന്റെ കൺമുന്നിൽ വെച്ചാണ് കടിച്ചുകൊണ്ടുപോയത്. കഴിഞ്ഞ വർഷം ഒക്ടോബറിലും വാൽപ്പാറയിൽ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു.