വയനാട് ദുരിതാശ്വാസം, കേരളത്തിന് എയിംസ് തുടങ്ങിയ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തും, മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി എ. ജയതിലകും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
വയനാട് ദുരിതാശ്വാസം, കേരളത്തിന് എയിംസ്, ശബരിമല റെയിൽ പാത ശബരിമലയുടെ സമഗ്ര വികസന മാസ്റ്റർ പ്ലാൻ തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമാണത്തിന് ഒക്ടോബർ 1ന് പ്രഖ്യാപിച്ച കേന്ദ്രസഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും.
അമിത് ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതി 260.5 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ നിന്ന് അനുവദിച്ചത്. 2221 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ദുരന്തമുണ്ടായി 14 മാസത്തിന് ശേഷം അനുവദിച്ചത്. നേരത്തെ വായ്പയായി 529.50 കോടിയും കേന്ദ്രം അനുവദിച്ചിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം നാലുമണിയോടെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. കഴിഞ്ഞദിവസം സംഘം ആഭ്യന്തര മന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.