ലെയോ പാപ്പയുമായി ടെലിഫോൺ സംഭാഷണം നടത്തി ഇസ്രായേൽ പ്രസിഡന്റ്

 
333

ലെയോ പതിനാലാമൻ പാപ്പയുമായി, ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ടെലിഫോൺ സംഭാഷണം നടത്തി. സിഡ്‌നിയിൽ നടന്ന ആക്രമണത്തെയും ജൂതവിരുദ്ധ നടപടികളെയും പാപ്പ അപലപിച്ചു. ഇസ്രയേലുമായി ബന്ധപ്പെട്ട സമാധാന നടപടികളും ചർച്ചാവിഷയമായി.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഹനൂക്ക ആഘോഷങ്ങളിലായിരുന്ന ആളുകൾക്ക് നേരെ നടന്ന വെടിവയ്പ്പിന്റെ കൂടി പശ്ചാത്തലത്തിൽ എല്ലാ തരങ്ങളിലുമുള്ള ജൂത വിരുദ്ധ നടപടികളെയും കത്തോലിക്കാസഭ ശക്തമായി അപലപിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ലോകമെമ്പാടുമുള്ള യഹൂദസമൂഹത്തിലും, പൊതുസമൂഹത്തിലും ഭീതി വിതച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യവും പാപ്പ അനുസ്മരിച്ചു.

ഇസ്രായേലിൽ നടന്നുവരുന്ന സമാധാന നടപടികൾ തുടരണമെന്ന് പാപ്പ ആവർത്തിച്ച് വ്യക്തമാക്കി. മാനവിക സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ അടിയന്തിര പ്രാധാന്യവും പരിശുദ്ധ പിതാവ് പ്രസിഡന്റ് ഹെർസോഗിന് മുന്നിൽ അവതരിപ്പിച്ചുവെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.

ഡിസംബർ 14 ഞായറാഴ്ച ബൊണ്ടായ് കടൽത്തീരത്ത് ഹനൂക്ക ആഘോഷത്തിലായിരുന്ന ആളുകൾക്ക് നേരെ ഒരു പിതാവും മകനും നടത്തിയ വെടിവയ്പ്പിൽ, പത്ത് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ, പതിനഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. നാൽപ്പത് പേർക്ക് പരിക്കേറ്റു.

Tags

Share this story

From Around the Web