ജെറുസലേം പാത്രിയാർക്കീസിനെ തിരുക്കല്ലറ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ഇസ്രായേൽ പോലീസ്
ജെറുസലേം: ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിനെയും കസ്റ്റോഡിയനെയും ഇസ്രായേൽ പോലീസ് തടഞ്ഞു. ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോയെയുമാണ് ഇസ്രായേൽ പോലീസ് തടഞ്ഞത്. സംഭവത്തില്‍ ജെറുസലേം ലത്തീൻ പാത്രിയർക്കേറ്റ് കനത്ത പ്രതിഷേധം രേഖപ്പെടുത്തി.
നൂറ്റാണ്ടുകൾക്ക് ശേഷമാണ് സഭാനേതാക്കൾക്ക് ഓശാന ഞായർ ദിനത്തിൽ വിശുദ്ധ ദേവാലയത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നത്. ആചാരപരമോ ആരാധനാക്രമപരമോ ആയ ആഘോഷങ്ങളില്ലാതെ സ്വകാര്യമായി മുന്നോട്ട് പോകുകയായിരുന്ന രണ്ട് സഭാ നേതാക്കളെയും പോലീസ് തടഞ്ഞുനിർത്തി തിരിച്ചുപോകാൻ നിർബന്ധിക്കുകയായിരിന്നുവെന്നും ഗുരുതരവും അപകടകരവുമായ മാതൃകയാണിതെന്നും ജെറുസലേം പാത്രിയർക്കേറ്റ് പ്രസ്താവിച്ചു.
അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കര്‍ദ്ദിനാള്‍ പിസബല്ലയെയും ഇൽപോയെയും വിളിച്ചതായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അറിയിച്ചു.