ഇസ്രായേലും ലെബനനും തമ്മിൽ ചരിത്രപരമായ സമാധാനത്തിനൊരുങ്ങുന്നു; പ്രഖ്യാപനവുമായി നെതന്യാഹു
ഇസ്രായേലും ലെബനനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിലെത്താനുള്ള ചർച്ചകൾ ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമാധാനത്തിനായുള്ള നിർണ്ണായക നീക്കങ്ങൾ നടക്കുന്നത്.
മേഖലയിൽ സമാധാനം കൊണ്ടുവരാൻ അമേരിക്കയുമായി ചേർന്ന് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. എന്നാൽ ഹിസ്ബുള്ള ഈ സമാധാന ശ്രമങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും അതിനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വടക്കൻ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാന ചർച്ചകൾക്കായി ലെബനൻ പ്രസിഡന്റും ഇസ്രായേൽ പ്രധാനമന്ത്രിയും വൈകാതെ തന്നെ അമേരിക്കയിലെത്തും. വെടിനിർത്തൽ നീട്ടിയത് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം നൽകുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. ലോകം ഉറ്റുനോക്കുന്ന ഈ സമാധാന നീക്കം പശ്ചിമേഷ്യയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.