പഴയനിയമത്തിലെ ജോസഫിന്റെ ശവകുടീരത്തിൽ പകൽസമയത്തും പ്രാർഥന നടത്താൻ അനുമതി നൽകി ഇസ്രായേൽ
ബൈബിളിലെ പഴയനിയമത്തിലെ ജോസഫിന്റെ ശവകുടീരത്തിൽ വിശ്വാസികൾക്ക് പകൽസമയത്തും പ്രാർഥന നടത്താൻ ഇസ്രായേൽ സർക്കാർ അനുമതി നൽകി. കഴിഞ്ഞ 25 വർഷമായി രാത്രിയിൽ മാത്രമായിരുന്നു ഇവിടെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരുന്നത്. ഇസ്രായേൽ പ്രതിരോധ മന്ത്രിയും സൈനിക ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.
പുതിയ ഉത്തരവ് പ്രകാരം രാവിലെ എട്ട് മണി വരെ വിശ്വാസികൾക്ക് ശവകുടീരത്തിൽ തങ്ങി പ്രാർഥനകൾ നടത്താൻ സാധിക്കും. സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുമുൻപ് സൈന്യത്തിന്റെ കടുത്ത സുരക്ഷാ അകമ്പടിയോടെ രാത്രിയിൽ മാത്രമായിരുന്നു വിശ്വാസികൾക്ക് ഇവിടേക്ക് വരാൻ കഴിഞ്ഞിരുന്നത്.
പലസ്തീൻ ഭരണകൂടത്തിന് കീഴിലുള്ള പ്രദേശത്താണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ വലിയ സുരക്ഷാ വെല്ലുവിളികൾ മുൻപ് ഉണ്ടായിരുന്നു. മുൻകാലങ്ങളിൽ ഉണ്ടായ അക്രമങ്ങളെത്തുടർന്ന് പലതവണ ഈ പ്രദേശം അടച്ചിടുകയും പിന്നീട് നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ പുണ്യസ്ഥലം സന്ദർശിക്കാൻ കൂടുതൽ സമയം ലഭിക്കുന്നത് വിശ്വാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.