മൊസാംബിക്കിലെ എട്ട് ജില്ലകളിൽ ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങൾ

 
22222

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്ലാമിക് സ്റ്റേറ്റിന്റെ മൊസാംബിക്കൻ പ്രൊവിൻസിലെ ഇസ്ലാമിക തീവ്രവാദികൾ വടക്കൻ മൊസാംബിക്കിലെ കാബോ ദെൽഗാദോ പ്രവിശ്യയിലെ എട്ട് ജില്ലകളിൽ ആക്രമണങ്ങൾ നടത്തുകയാണെന്ന് ഫീദെസ് വാർത്താ ഏജൻസി വെളിപ്പെടുത്തുന്നു.

ഓഗസ്റ്റ് 24 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥന നയിച്ച അവസരത്തിൽ ലെയോ പതിനാലാമൻ പാപ്പായും കാബോ ദെൽഗാദോയിൽ അക്രമങ്ങൾക്കിരകളായ ആളുകൾക്ക് തന്റെ സാമീപ്യം ഉറപ്പുനൽകിയിരുന്നു.

എന്നാൽ ഈ ആക്രമണങ്ങൾക്ക് പിന്നിൽ ജിഹാദി പ്രവർത്തനങ്ങൾ മാത്രമല്ല, സാമ്പത്തിക, സാമൂഹിക അവകാശവാദങ്ങളും പ്രദേശത്തെ, പ്രകൃതിവാതകങ്ങളുടെയും വിലയേറിയ കല്ലുകളുടെയും ചൂഷണവും, വിദേശസേനകളുടെ പങ്കാളിത്തവും ഉൾപ്പെട്ടിട്ടുണ്ടെന്നും ഫീദെസ് വ്യക്തമാക്കി. ക്യൂർ (Chiúre), മക്കോമിയ (Macomia) ജില്ലകളിലാണ് കൂടുതലായി ആക്രമണങ്ങൾ നടന്നത്.

പൊതുവഴികളിൽ വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിച്ച ജിഹാദി പ്രവർത്തകർ, അതുവഴി മക്കോമിയ, മുയിദുംമ്പേ (Muidumbe) പ്രദേശങ്ങളിലെ എൺപത്തയ്യായിരത്തോളം ആളുകൾക്കുള്ള മാനവികസഹായമെത്തിക്കുന്നത് തടഞ്ഞതായും ഫീദെസ് അറിയിച്ചു.

ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ ക്രൈസ്തവർ തടഞ്ഞുവയ്ക്കപ്പെടാതിരിക്കാനായി 150 മുതൽ 460 വരെ ഡോളർ ടോൾ നൽകാൻ നിർബന്ധിതരാകുകയാണ്. 2017 മുതൽ നാളിതുവരെ കാബോ ദെൽഗാദോ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങളിൽ ആറായിരത്തിൽപ്പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

പ്രദേശത്ത് ഏതാണ്ട് അറുപതിനായിരത്തോളം പേർ കുടിയിറങ്ങാൻ നിർബന്ധിതരായിട്ടുണ്ട്. പാൽമ (Palma) പ്രദേശത്ത് 2021 മാർച്ചിൽ നടന്ന ജിഹാദി ആക്രമണത്തിന് ശേഷം തടസ്സപ്പെട്ട, 2000 കോടി ഡോളറിന്റെ മൂല്യമുള്ള ദ്രവീകൃത പ്രകൃതിവാതക ടെർമിനലിന്റെ നിർമ്മാണം വരുന്ന സെപ്റ്റംബറിൽ പുനരാരംഭിക്കാനുള്ള പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

Tags

Share this story

From Around the Web