കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള ഭീകരുടെ ആക്രമണം; 60ൽ അധികം പേർ കൊല്ലപ്പെട്ടു

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിലെ എൻടോയോ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള സായുധരുടെ നേതൃത്വത്തിൽ നടന്ന കൂട്ടക്കൊലയിൽ 64 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.സെന്റ് ജോസഫ് ഓഫ് മാംഗുറെജിപ കത്തോലിക്കാ പള്ളിയുടെ പരിധിയിലുള്ള ഗ്രാമത്തിലാണ് കൂട്ടക്കൊല അരങ്ങേറിയത്.
ഗ്രാമത്തിൽ ഒരു ശവസംസ്കാര ചടങ്ങിനിടെ ആയിരുന്നു ആക്രമണം. സായുധർ വെടിയുണ്ടകളും ഹാമറുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ചില വീടുകൾക്ക് തീ വെച്ച് നശിപ്പിക്കുകയും ചെയ്തു.
ഈ കൂട്ടക്കൊലക്ക് പിന്നിൽ ഉഗാണ്ടയിൽ നിന്നുള്ള ആലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (ADF) എന്ന സായുധ സംഘമാണെന്ന് അധികൃതർ അറിയിച്ചു. 2019ൽ ആലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് ഇസ്ലാമിക് സ്റ്റേറ്റിനോട് അകൽച്ച പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് കോംഗോയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഇവരുടെ ക്രൂരാക്രമണങ്ങൾ വർധിച്ചത്.
പ്രാദേശിക സഭയും മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. ആക്രമണത്തിൽ രക്ഷപ്പെട്ടവർക്ക് സഹായം, ചികിത്സ എന്നിവ ഒരുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.