പാക്കിസ്ഥാനിൽ ഇസ്ലാമിക സ്വാധീനം വർധിക്കുന്നു: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്

പാക്കിസ്ഥാനിൽ ഇസ്ലാമിക സ്വാധീനം വർധിക്കുന്നതായി മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ റിപ്പോർട്ട് പ്രകാരം, മുസ്ലീം തീവ്രവാദ ഗ്രൂപ്പുകൾ പൊതു ഉദ്യോഗസ്ഥരുടെ മേലുള്ള സ്വാധീനം വർധിപ്പിക്കുന്നതിനാൽ പാക്കിസ്ഥാനിലെ മതസ്വാതന്ത്ര്യം വലിയ ഭീഷണികൾ നേരിടുകയാണ്.
‘2024/25 ലെ മതസ്വാതന്ത്ര്യം/ വിശ്വാസം’ എന്ന റിപ്പോർട്ട്, പ്രചാരണത്തിലൂടെയും ഭീഷണിയിലൂടെയും മുസ്ലീം തീവ്രവാദികൾ ജുഡീഷ്യറിയിലും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരിലും ചെലുത്തുന്ന സമ്മർദ്ദം വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി.
“സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഭീഷണികൾ മുതൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പരസ്യമായി അധിക്ഷേപിക്കുന്നത് വരെ വിദ്വേഷ പ്രസംഗങ്ങളുടെ വർധനവ് പൗര ഇടം ചുരുങ്ങുന്നതിലേക്കും തീവ്രവാദ ഘടകങ്ങൾക്ക് ധൈര്യം പകരുന്നതിലേക്കും വിരൽ ചൂണ്ടുന്നു,” റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, ന്യൂനപക്ഷ പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനം, ആൾക്കൂട്ട കൊലപാതകങ്ങൾ, വിദ്വേഷ പ്രസംഗം, ആരാധനാലയങ്ങൾ അപമാനിക്കൽ, ദൈവനിന്ദ ആരോപണങ്ങളിൽ വേരൂന്നിയ നിയമവിരുദ്ധമായ കൊലപാതകങ്ങൾ എന്നിവ റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.