നിങ്ങളുടെ ആധാർ ലോക്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ സുരക്ഷിതമല്ല ബാങ്ക്, യുപിഐ അക്കൗണ്ടുകൾ

മുംബൈ: ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോൽ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കിൽ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടമാകാൻ കാരണമാകും.
അതിൽ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി ആധാർ സുരക്ഷിതമാക്കുക എന്നതാണ്. നമ്മുടെ ആധാർ നമ്മുക്ക് നിരവധി സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും അത് മറ്റുള്ളവരിലെത്തിയാൽ സംഭവിക്കാൻ സാധ്യതയുള്ളത് വലിയ അപകടങ്ങളാണ്.
ആധാർ നമ്പർ ചോർന്നാൽ അത് ലഭിക്കുന്നവർക്ക് സിംകാർഡുകൾ പരിശോധിക്കുന്നത് മുതൽ നമ്മുടെ പേരിൽ മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻവരെ സാധിക്കും. അനധികൃത യുപിഐ പേയ്‌മെന്റുകൾ നടത്തുക, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുക തുടങ്ങിയ കാര്യങ്ങൾക്കും ഉപയോഗിക്കാനാകും.
‘ഇടപാടുകൾ നടക്കുമ്പോൾ ഒടിപി വരും എന്ന് നിങ്ങൾ കരുതി ആശ്വസിക്കുന്നുണ്ടെങ്കിൽ ഓർക്കുക പല ഗ്രാമീണ ബാങ്കുകളിൽ ഫോൺ നമ്പർ പോലും ആവശ്യമില്ല. അവിടെയാണ് യഥാർത്ഥ അപകടസാധ്യത. പണം പോകുന്നതും വരുന്നതും അറിയില്ല. കാരണം എസ്എംഎസോ കോളുകളോ ലഭിക്കില്ല.
എടിഎമ്മുകളിലും ബ്രാഞ്ചുകളിലും സിസിടിവി ക്യാമറകൾ ഇല്ലെങ്കിൽ ആരാണ് പണമെടുത്തതെന്ന് കണ്ടെത്താൻ പ്രയാസമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജാർഖണ്ഡ്, യുപി, ബിഹാർ, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ നഗരങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.