'ഇതാണോ സിപിഎമ്മിന്റെ മിഷന്‍ 2026 ?, ആരോപണമല്ല അധിക്ഷേപം'; നേതാക്കള്‍ മറുപടി പറയണമെന്ന് ഷാഫി

 
rahul shafi

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍  എംപി. ഇത് ആരോപണങ്ങള്‍ എന്നതിനേക്കാള്‍ അധിക്ഷേപം എന്നു പറയുന്നതാണ് ശരി. ഇതിന് അതേ ഭാഷയില്‍ മറുപടി പറയണമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയമെന്നും, തെരഞ്ഞെടുപ്പിനായുള്ള സിപിഎമ്മിന്റെ മിഷന്‍ 2026 ഇതാണോയെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ തെരഞ്ഞെടുപ്പിലേക്ക് സിപിഎം ഒരുക്കിവെക്കുന്ന മാനിഫെസ്റ്റോ എന്ന് വ്യക്തമാക്കേണ്ടതാണ്. വേറെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണോ, അതോ ഇങ്ങനെയാണോ സിപിഎം തെരഞ്ഞെടുപ്പിലേക്ക് പോകാനാഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎ ബേബിയും വ്യക്തമാക്കണം. ജനങ്ങളുടെ മുമ്പില്‍ വേറെയൊന്നും പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ പറ്റാത്തതിനാലാണോ വ്യക്തിഹത്യയിലും അധിക്ഷേപത്തിലും സിപിഎം ആശ്രയിക്കുന്നത് എന്നും ഷാഫി ചോദിച്ചു.

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരം ചര്‍ച്ചയിലേക്ക് ദിശ മാറ്റണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത് ജനങ്ങള്‍ വിലയിരുത്തട്ടെ. കൃത്യമായ രാഷ്ട്രീയം പറഞ്ഞും സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ട്. ഇടതു പക്ഷത്തിന് ഒരു മെച്ചവും പറയാനില്ലാത്തതുകൊണ്ടാണ് വ്യക്തിപരമായും രാഷ്ട്രീയമായും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അതിനാലാണ് അധിക്ഷേപങ്ങളുടെ രാഷ്ട്രീയം മുറുകെപ്പിടിച്ച് സിപിഎം മുന്നോട്ടു പോകുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Tags

Share this story

From Around the Web