സഭയ്ക്ക് ക്ഷമിക്കാന്‍ കഴിയാത്ത തെറ്റുണ്ടോ..?

 
confession

എത്ര ഗൗരവമുള്ളതായാല്‍ പോലും സഭയ്ക്ക് ക്ഷമിക്കാന്‍ കഴിയാത്ത ഒരു തെറ്റുമില്ല . ഒരുവന്‍ എത്ര ദുഷ്ടനും കുറ്റക്കാരനും ആയിരുന്നാലും അവന്റെ മനസ്താപം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ആത്മധൈര്യത്തോടെ പൊറുതി പ്രതീക്ഷിക്കാന്‍ കഴിയും.

പാപത്തില്‍ നിന്നു തിരിച്ചുവരുന്ന ഏതൊരുവന്റെയും മുമ്പില്‍ തന്റെ സഭയിലെ പാപമോചനത്തിന്റെ കവാടങ്ങള്‍ എപ്പോഴും തുറന്നുകിടക്കണമെന്ന് എല്ലാ മനുഷ്യര്‍ക്കും വേണ്ടി മരിച്ച ക്രിസ്തു ആഗ്രഹിക്കുന്നു.

വിശ്വാസപ്രമാണം പാപങ്ങളുടെ മോചനത്തെ പരിശുദ്ധാത്മാവിലുള്ള വിശ്വാസപ്രഖ്യാപനത്തോടു ബന്ധിപ്പിക്കുന്നു.

എന്തെന്നാല്‍ ഉത്ഥിതനായ ക്രിസ്തു അപ്പസ്‌തോലന്മാര്‍ക്ക് പാപങ്ങള്‍ പൊറുക്കാനുള്ള അധികാരം കൊടുത്തത് അവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കിയപ്പോഴാണ്. പാപങ്ങളുടെ പൊറുതിക്കുള്ള പ്രഥമവും പ്രധാനവുമായ കൂദാശ മാമ്മോദീസയാണ്.

മരിക്കുകയും ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്തവനും നമുക്ക് പരിശുദ്ധാത്മാവിനെ നല്‍കുന്നവനുമായ ക്രിസ്തുവിനോടു നമ്മെ അത് ഐക്യപ്പെടുത്തുന്നു.

പാപങ്ങളുടെ മോചനത്തില്‍ വൈദികരും കൂദാശകളും ഉപകരണങ്ങളാണ്, രക്ഷയുടെ ഏകകര്‍ത്താവും ഉദാരമതിയായ ദാതാവുമായ ക്രിസ്തു നമ്മുടെ പാപങ്ങള്‍ മായിച്ചുകളയാനും നീതിമത്കരണത്തിന്റെ കൃപാവരം നമുക്ക് തരാനും ഈ ഉപകരണങ്ങളെ വിനിയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു.

സഭയില്‍ പാപപൊറുതിയില്ലായിരുന്നുവെങ്കില്‍ പ്രത്യാശയുണ്ടാകുമായിരുന്നില്ല, വരാനുള്ള ജീവിതത്തെപ്പറ്റിയോ നിത്യമായ വിമോചനത്തെപ്പറ്റിയോ പ്രത്യാശയുണ്ടാകുമായിരുന്നില്ല.

( കടപ്പാട്: കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം)

Tags

Share this story

From Around the Web