വിദേശ വിദ്യാഭ്യാസത്തിന്റെ കാലം അവസാനിച്ചോ?, കുറിപ്പ്

കുറേക്കാലമായി കേരളത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്, വിദേശ വിദ്യാഭ്യാസം. വിദ്യാര്‍ഥികള്‍ വന്‍തോതില്‍ വിദേശത്തേക്കു പോവുന്നതും ജോലി കണ്ടെത്തി അവിടെതന്നെ തുടരുന്നതും 'ബ്രെയിന്‍ ഡ്രെയിന്‍' ഉണ്ടാക്കും എന്നതായിരുന്നു ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടതെങ്കില്‍ ഇ്‌പ്പോള്‍ അത്, വിദേശ വിദ്യാഭ്യാസത്തിന്റെ കാലമൊക്കെ അവസാനിച്ചു എന്നതില്‍ വരെ എത്തി.
വിദേശത്തു പോയിട്ടും രക്ഷപ്പെട്ടില്ലെന്ന തരത്തില്‍ ചില വിദ്യാര്‍ഥികളില്‍ നിന്നു തന്നെ അനുഭവസാക്ഷ്യങ്ങള്‍ വന്നതോടെ അതിനു ബലമേറി. ഈ ഘട്ടത്തില്‍ വിദേശ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍.
കുറിപ്പു വായിക്കാം:
വിദേശ വിദ്യാഭ്യാസത്തിന്റെ കാലം അവസാനിച്ചോ?
കേരളത്തിലെ പത്രവാര്‍ത്തകളും വിദേശത്തു നിന്നു വരുന്ന 'അയ്യോ ഇവിടം സ്വര്‍ഗ്ഗമാണെന്ന് കരുതിയ ഞങ്ങള്‍ക്ക് പറ്റിപ്പോയി, ഇവിടെ ഇനി ഒരു ചാന്‍സും ഇല്ല, ആരും ഇങ്ങോട്ട് വരല്ലേ' എന്നുപറയുന്ന റീല്‍സുകളും മാത്രം ശ്രദ്ധിച്ചാല്‍ കേരളത്തില്‍ നിന്നും വിദേശ വിദ്യാഭ്യാസത്തിനുള്ള ഒഴുക്കിന്റെ അവസാനമായി എന്ന് തോന്നാം. പക്ഷെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വസ്തുതകള്‍ ആണല്ലോ.
2025 ജുലൈ 24 ന് ഒരു രാജ്യസഭാ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി നല്‍കിയ ഉത്തരം ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. 2020 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്നും വിദേശത്തേയ്ക്ക് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണവും അവര്‍ എവിടേക്ക് പോയി എന്നുമായിരുന്നു ചോദ്യം. അനുബന്ധമായി വേറെ കുറച്ചു ചോദ്യങ്ങളും ഉണ്ടായിരുന്നു.
2020 ല്‍ 180 രാജ്യങ്ങളിലേയ്ക്കായി 2,59,655 വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പോയത്. ഇത് അതിവേഗത്തില്‍ ഉയര്‍ന്ന് 2023 ആയപ്പോഴേക്കും 220 രാജ്യങ്ങളിലായി 8,92,899 വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പോയത്.
2024 ല്‍ കാനഡയുമായിട്ടുണ്ടായ ഡിപ്ലോമാറ്റിക്ക് പ്രശ്‌നങ്ങള്‍, കാനഡയില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ അതിവേഗത്തിലുണ്ടായ വരവ് അവിടുത്തെ ഹൗസിങ്ങ് മാര്‍ക്കറ്റില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍, UK യിലെ പുതിയ സര്‍ക്കാര്‍, വിദ്യാര്‍ത്ഥി കുടിയേറ്റ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാം കാരണം കുടിയേറ്റത്തില്‍ കുറവുണ്ടായി.
ഇതേ സമയത്താണ് അവിടെ ഏറെ നാളായി കുടിയേറിയിരുന്ന മറ്റ് ഇന്ത്യക്കാരും അടുത്തയിടെ എത്തിയ വിദ്യാര്‍ത്ഥികളും കാനഡയിലും UK യിലും എല്ലാം സാദ്ധ്യതകള്‍ അവസാനിച്ചു എന്ന മട്ടില്‍ റീലുകളില്‍ നെഗറ്റീവ് റിവ്യൂവും ആയി ഇറങ്ങിയത്. ഇതും തള്ളിക്കയറ്റം കുറക്കാന്‍ കാരണമായി. എന്നാല്‍ വാസ്തവത്തില്‍ നമ്മള്‍ മാധ്യമങ്ങളില്‍ കാണുന്നത് പോലുള്ള മൊത്തമായി ഒരു ഇടിവ് വിദേശ വിദ്യാഭ്യാസത്തിന്റെ ഡിമാന്റില്‍ ഉണ്ടായിട്ടുണ്ടോ?
ഇല്ല. 2024 ല്‍ 7,59,064 വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പോയത്. അതായത് 2020 ല്‍ പോയതിന്റെ ഏകദേശം മൂന്നിരട്ടി. 2023 ല്‍ പോയതിനേക്കാള്‍ കൂടുതല്‍! അതുകൊണ്ട് വിദേശ വിദ്യാഭ്യാസത്തിന്റെ കാലം അവസാനിച്ചിട്ടൊന്നുമില്ല.
രാജ്യസഭയുടെ ഉത്തരം സശ്രദ്ധം പരിശോധിച്ചാല്‍ കാണുന്ന മറ്റു ചില വസ്തുതകള്‍ കൂടി ഉണ്ട്.
1. കഴിഞ്ഞ അഞ്ചു വര്‍ഷമായി അമേരിക്ക തന്നെയാണ് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. 2020 ല്‍ 60,000 ത്തിന് മുകളില്‍ ആയിരുന്നത് 2025 ല്‍ രണ്ടുലക്ഷത്തിന് മുകളില്‍ നില്‍ക്കുന്നു.
2. എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായത് കാനഡയിലേക്കാണ്. 2020 ല്‍ 40,000 ങ്ങളില്‍ നിന്നത് 2023 ല്‍ 2,30,000 ത്തില്‍ എത്തി. 2025 ല്‍ ഇത് ഒരു ലക്ഷത്തോളം ഇടിഞ്ഞു.
3. പൊതുവെ വിദ്യാര്‍ത്ഥി കുടിയേറ്റം കുറഞ്ഞ 2025 ലും ജര്‍മ്മനിയിലേക്ക് ഉള്ള കുടിയേറ്റം കൂടിയിട്ടുണ്ട്. 2023 ല്‍ ഇരുപത്തി മൂവായിരം ആയിരുന്നത് 2024 ല്‍ 34,000 ആയി.
4. ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയിരുന്ന ലിസ്റ്റില്‍ 2020 ല്‍ 6,723 കുട്ടികളുമായി ആറാം സ്ഥാനത്തുണ്ടായിരുന്ന ഉക്രൈന്‍ ഇപ്പോള്‍ 252 പേര്‍ മാത്രമായി അറുപത്തിരണ്ടാം സ്ഥാനത്താണ്.
5. അതേസമയം 2020 ല്‍ 1,387 വിദ്യാര്‍ത്ഥികള്‍ മാത്രം പോയിരുന്ന റഷ്യന്‍ ഫെഡറേഷന്‍ ഇപ്പോള്‍ 31,444 ആളുകളുമായി അഞ്ചാം സ്ഥാനത്താണ്.
6. ആറാം സ്ഥാനത്ത് 29,232 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബംഗ്ലാദേശ് നില്‍ക്കുന്നു എന്നത് വാസ്തവത്തില്‍ എന്നെ അതിശയിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനാണ് പ്രധാനമായും റഷ്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ജോര്‍ജിയ, നേപ്പാള്‍, ഉസ്ബെക്കിസ്ഥാന്‍ എല്ലാം കുട്ടികള്‍ തിരഞ്ഞെടുക്കുന്നത്. എത്ര ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മെഡിസിന് പഠിക്കുന്നുണ്ടെന്നത് മനസ്സിലാക്കി നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം വിപുലീകരിക്കേണ്ട കാലം കഴിഞ്ഞു.
7. 2024 ല്‍ ആദ്യത്തെ പത്തില്‍ സ്ഥാനം നേടിയ രണ്ടു രാജ്യങ്ങള്‍ അയര്‍ലണ്ടും സിംഗപ്പൂരും ആണ്. ഇവിടെ രണ്ടിടത്തും 2024 നെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ അഡ്മിഷന്‍ നേടിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതായത് ചില രാജ്യങ്ങളില്‍ കുറവുണ്ടായപ്പോള്‍ മറ്റു രാജ്യങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായി. മൊത്തം ഡിമാന്‍ഡില്‍ കുറവുണ്ടായപ്പോഴും വിദേശ വിദ്യാഭ്യാസ വിപണി മൊത്തമായി കൂപ്പു കുത്തിയിട്ടില്ല. ഇതില്‍ അതിശയിക്കാനില്ല.
കേരളത്തില്‍ നിന്ന് (ഇന്ത്യയില്‍ നിന്ന്, മറ്റു വികസിത രാജ്യങ്ങളില്‍ നിന്ന്) പാശ്ചാത്യ വികസിത രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥി കുടിയേറ്റത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഇപ്പോഴും മാറ്റമില്ല. വികസിത രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയില്‍ താഴേത്തട്ടിലുള്ള തൊഴിലുകള്‍ക്ക് വേണ്ടത്ര ആളുകളെ കിട്ടാതിരിക്കുന്നത്, ഇന്ത്യ പോലുള്ള അനവധി രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്ക് പോലും തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുളളത്,
കിട്ടുന്ന തൊഴിലുകള്‍ക്ക് ഒരു മധ്യവര്‍ഗ്ഗ ജീവിതം നയിക്കാനുള്ള ശമ്പളം കിട്ടാത്തത് എല്ലാം ഇപ്പോഴും പഴയത് പോലെ തുടരുന്നു. വിദേശ 'വിദ്യാഭ്യാസ'ത്തിനായി പോകുന്ന വലിയൊരു ശതമാനം കുട്ടികള്‍ താഴേത്തട്ടിലുള്ള ഈ ലേബര്‍ മാര്‍ക്കറ്റിനെ ആണ് ലക്ഷ്യമിടുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം ഉണ്ടായി താഴേത്തട്ടിലുള്ള തൊഴില്‍ രംഗത്തേക്ക് നേരിട്ട് ഇമ്മിഗ്രെഷന്‍ സാധ്യമാകുന്നത് വരെ ഈ തരത്തിലുള്ള 'വിദ്യാഭ്യാസ കുടിയേറ്റം' തുടരും.
ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ വിദേശരാജ്യങ്ങളിലെ താഴേക്കിടയിലുള്ള ജോലിക്കുപോലും കിട്ടുന്ന മികച്ച ശമ്പളവും നാട്ടില്‍ മികച്ച വിദ്യാഭ്യാസം ഉണ്ടെങ്കിലും ശരാശരി ശമ്പളത്തില്‍ ഉള്ള ജോലിയെങ്കിലും ലഭിക്കാനുള്ള ബുദ്ധിമുട്ടും മാത്രമല്ല കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥി കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്. വികസിത രാജ്യങ്ങളിലെപ്പോലെ കൂടുതല്‍ സ്വാതന്ത്ര്യം ഉളള, അച്ഛനമ്മമാരും ബന്ധുക്കളും നാട്ടുകാരും ഒന്നും അവരുടെ വസ്ത്രം മുതല്‍ പങ്കാളിയുടെ തിരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങളില്‍ ഇടപെടാത്ത ഒരു ജീവിതമാണ് നമ്മുടെ പുതിയ തലമുറ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അത് ഇപ്പോള്‍ കേരളത്തില്‍ സാധ്യമല്ല. കേരളത്തിലെ സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടാല്‍ പോലും സാമൂഹ്യ സാഹചര്യം മാറുന്നത് വരെ പുറത്തേക്ക് പോകാനുള്ള കുട്ടികളുടെ ശ്രമം തുടരും.
ഇപ്പോള്‍ വിദേശ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുന്നവരോട് എന്താണ് പറയാനുള്ളത് ?
1. 'വിദേശ വിദ്യാഭ്യാസത്തിന്റെ കാലം കഴിഞ്ഞു' 'UK യില്‍, കാനഡയില്‍, ഓസ്ട്രേലിയയില്‍ ഇനി അവസരം ഇല്ല എന്നുള്ള തരം പ്രചാരണങ്ങളെ മുഖവിലക്കെടുക്കാതിരിക്കുക. അവിടെ എത്തിയ, ഇപ്പോഴും അവിടെ നില്‍ക്കുന്ന, 'കഷ്ടപ്പെട്ടിട്ടും' തിരിച്ചു വരാത്തവരാണ് ഈ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നത്. അവര്‍ പറയുന്നതില്‍ കാര്യമില്ല എന്നല്ല, പക്ഷെ അവര്‍ പറയുന്നത് മാത്രമല്ല കാര്യം. വിദേശ വിദ്യാഭ്യാസവും കുടിയേറ്റവും തുടരും എന്ന് മാത്രമല്ല കൂടാനാണ് പോകുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ ലോകത്തെ വിദ്യാഭ്യാസ കുടിയേറ്റത്തിന്റെ ഒരു ശതമാനം പോലും വരില്ല. അപ്പോള്‍ നമ്മള്‍ പോയാലും ഇല്ലെങ്കിലും ലോകത്തിന് അതൊരു വിഷയമല്ല. പക്ഷെ അവസരങ്ങള്‍ അവസാനിച്ചു എന്നുള്ള ചിന്തകൊണ്ട് വിദേശ വിദ്യാഭ്യാസം എന്ന ഓപ്ഷന്‍ ഒഴിവാക്കരുത്. 1986 ല്‍ സിവില്‍ എഞ്ചിനീയറിങ്ങ് കഴിഞ്ഞു ഗള്‍ഫില്‍ ഒരു ജോലി അന്വേഷിച്ച എന്നോട് ''ഗള്‍ഫിലെ അവസരങ്ങളുടെ കാലം ഒക്കെ കഴിഞ്ഞു' എന്ന് പറഞ്ഞുമനസ്സിലാക്കിയ സുഹൃത്തിനെ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. ഈശ്വരാ, ഭഗവാനെ, അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തണെ!
2. നാട്ടിലെ പ്രീമിയര്‍ ഇന്‍സ്റ്റിട്യൂഷനുകളില്‍ പഠിച്ചതിന് ശേഷം വിദേശങ്ങളിലെ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവര്‍ക്ക് നല്ല തൊഴില്‍ അവസരങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ ഇതൊരു വളരെ ചെറിയ ശതമാനത്തിന് മാത്രം സാധിക്കുന്ന കാര്യമാണ്, നാട്ടുകാരാണെങ്കിലും മറുനാട്ടുകാര്‍ ആണെങ്കിലും.
3. പക്ഷെ കാനഡയും UK യും പോലുള്ള രാജ്യങ്ങളിലെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അത്രപോലും നിലവാരം ഉള്ളതല്ല. വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ നല്ല വിദ്യാഭ്യാസമാണോ അതോ അവിടുത്തെ കൂടുതല്‍ ശമ്പളവും സ്വാതന്ത്ര്യവുമുള്ള ജീവിതമാണോ പ്രധാനം എന്ന് നിങ്ങളോട് തന്നെ സത്യസന്ധമായി ചോദിക്കുക.
ബിരുദധാരികള്‍ക്ക് ലഭിക്കാവുന്ന ജോലികള്‍ക്ക് വേണ്ടിയല്ല അവിടങ്ങളിലെ ഇക്കോണമിയും ജനങ്ങളും കുടിയേറ്റക്കാരെ ആഗ്രഹിക്കുന്നത് എന്ന കാര്യം മനസ്സില്‍ വക്കുക. പക്ഷെ നാട്ടിലെ ശരാശരി കോളേജില്‍ നിന്നും വിദേശത്തെ ശരാശരിയോ അതിന് താഴെയോ ഉളള വിദ്യാഭ്യാസസ്ഥാപനത്തില്‍ എത്തി പഠിച്ചതിന് ശേഷം ആ ബിരുദത്തിനോ ബിരുദാനന്തബിരുദത്തിനോ ചേര്‍ന്ന ജോലി ലഭിച്ചാല്‍ അതൊരു ബോണസ് ആയി കരുതുക. ഡിഫാള്‍ട്ട് എന്ന് പറയുന്നത് നിങ്ങളുടെ യോഗ്യതക്കും താഴെയുള്ള തൊഴിലുകള്‍ ആയിരിക്കും. അതിന് തയ്യാറല്ലാത്തവര്‍ വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതിന് മുന്‍പ് രണ്ടാമത് ആലോചിക്കുന്നത് നല്ലതാണ്.
4. മറ്റേത് രംഗത്തേയും പോലെ വിദേശ വിദ്യാഭ്യാസരംഗത്ത് മുതല്‍ മുടക്കുമ്പോഴും നഷ്ട സാദ്ധ്യതകള്‍ ഉണ്ട്. ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റം, ഇമ്മിഗ്രെഷന്‍ നിയമങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, രാഷ്ട്രീയ മാറ്റങ്ങള്‍, യുദ്ധം, ദുരന്തം, കാലാവസ്ഥ, ഇതൊക്കെ നിങ്ങളുടെ പഠനത്തേയും തൊഴില്‍ സാധ്യതയേയും ബാധിക്കാന്‍ സാധ്യത ഉണ്ട്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ തിരിച്ചു നാട്ടില്‍ പോകേണ്ടി വന്നാല്‍ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകരും എന്ന സാഹചര്യം ഉണ്ടെങ്കില്‍ വിദേശ വിദ്യാഭ്യാസത്തിനായി ലക്ഷങ്ങള്‍ ലോണെടുത്തോ കിടപ്പാടം പണയം വച്ചോ പോകുന്നവര്‍ താഴെ സുരക്ഷാവലയില്ലാത്ത സാമ്പത്തിക ട്രപ്പീസ് കളിക്കുകയാണ്.
അപ്പോള്‍ വിദേശ വിദ്യാഭ്യാസത്തിന്റെ കാലം കഴിഞ്ഞു എന്ന പൊതുബോധത്തിനിടയിലും ഞാന്‍ ഇപ്പോഴും ഈ രംഗത്ത് സാദ്ധ്യതകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ്. രാജ്യസഭാ ചോദ്യത്തിന്റെ ഉത്തരവും അത് തന്നെയാണ് പറയുന്നത്. വസ്തുതകള്‍ മാറിയാല്‍ അപ്പോള്‍ വീണ്ടും എഴുതാം.