ദക്ഷിണ സുഡാനിലെ പ്രതിസന്ധിയിൽ പെൺകുട്ടികൾക്കുവേണ്ടി പ്രവർത്തിച്ച ഐറിഷ് സന്യാസിനിക്ക് ഓണററി ഡോക്ടറേറ്റ്

ദക്ഷിണ സുഡാനിലെ പ്രതിസന്ധികളിൽ പെൺകുട്ടികളുടെ ഇടയിൽ പ്രവർത്തിച്ച ഐറിഷ് സന്യാസിനിക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. അയർലണ്ടിലെ മേനോത്തിലുള്ള സെന്റ് പാട്രിക്സ് പൊന്തിഫിക്കൽ സർവകലാശാലയാണ് സി. ഓർല ട്രേസിയെ ഈ ബഹുമതി നൽകി ആദരിച്ചത്. യുദ്ധത്താൽ തകർന്ന കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ 19 വർഷം നീണ്ടുനിന്ന സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ നൂറുകണക്കിനു പെൺകുട്ടികളുടെ ജീവിതത്തെ മാറ്റിമറിച്ചിരുന്നു.
സെപ്റ്റംബർ 27 നു നടന്ന ചടങ്ങിൽ അർമാഗ് അതിരൂപതയിലെ ആർച്ച്ബിഷപ്പ് ഈമോൺ മാർട്ടിൻ, ദക്ഷിണ സുഡാനിലെ പയനിയർ റസിഡന്റ് അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് സീമസ് പാട്രിക് ഹോർഗൻ, സി. ട്രേസി അംഗമായ ലോറെറ്റോ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ബ്ലെസ്ഡ് വിർജിൻ മേരി (ഐബിവിഎം) പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സെന്റ് പാട്രിക്സ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ പരിപാടികളുടെ ഡയറക്ടർ ഫാ. ജോൺ-പോൾ ഷെറിഡൻ സിസ്റ്ററിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു. ദക്ഷിണ സുഡാനിലെ റംബെക്ക് രൂപതയിലെ ലോറെറ്റോ ബോർഡിംഗ് സ്കൂളിലെ സി. ട്രേസിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും അപകടങ്ങളിൽ നിന്നു മാറി പെൺകുട്ടികൾക്കു പഠിക്കാൻ ഒരു അന്തരീക്ഷം ഒരുക്കുന്ന സ്ഥലമാണിത്.
“കത്തോലിക്ക വിദ്യാഭ്യാസത്തിന്റെയും മനുഷ്യാവകാശങ്ങൾക്കായുള്ള അക്ഷീണപരിശ്രമത്തിന്റെയും തന്റെ കീഴിലുള്ള വിദ്യാർഥികളുടെ പുരോഗതിയുടെയും ഉന്നത ആദർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു വ്യക്തിയെ ഇന്ന് നിങ്ങളുടെ മുന്നിൽ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ അത്യധികമായ സന്തോഷം തോന്നുന്നു” – സി. ട്രേസിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട പരിപാടിയിൽ ഫാ. ഷെറിഡൻ അതിഥികളോടു പറഞ്ഞു.