അയർലണ്ട് വചനലഹരിയിൽ; ‘ബിബ്ലിയ 2026’ നാഷണൽ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച കോർക്കിൽ

 
22333

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിക്കുന്ന പ്രശസ്തമായ ബൈബിൾ ക്വിസ് മത്സരം ‘ബിബ്ലിയ 2026’ നാഷണൽ ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. കോർക്കിലെ റിവർസ്റ്റിക് കമ്മ്യൂണിറ്റി സെൻററാണ് ഈ വിജ്ഞാനമാമാങ്കത്തിന് വേദിയാകുന്നത്. അയർലണ്ടിലെ വിവിധ റീജിയണുകളിൽ നിന്നായി മാറ്റുരച്ചവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 12 ടീമുകളാണ് ഫൈനലിൽ പോരാടുന്നത്.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഓഡിയോ-വിഷ്വൽ റൗണ്ടുകൾ ഉൾപ്പെടെ അത്യാധുനികമായ ലൈവ് ക്വിസ് രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾ വരെയുള്ള അഞ്ച് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ടീമംഗങ്ങൾ. 38 കുർബാന സെൻററുകളിൽ നിന്നായി രണ്ടായിരത്തോളം പേർ പങ്കെടുത്ത പ്രാഥമിക മത്സരങ്ങളുടെയും ഫെബ്രുവരി 14 ന് നടന്ന റീജിയണൽ മത്സരങ്ങളുടെയും തുടർച്ചയായാണ് ഈ നാഷണൽ ഗ്രാൻഡ് ഫിനാലെ.

വിജ്ഞാനത്തോടൊപ്പം ആവേശകരമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ട്രോഫിയും 'ലെ ഡെവാനോ' സ്പോൺസർ ചെയ്യുന്ന 600 യൂറോയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയോടൊപ്പം 'ഇന്ത്യൻ സ്പൈസ് കിച്ചൺ'  നൽകുന്ന 400 യൂറോയും മൂന്നാം സ്ഥാനക്കാർക്ക് 'സാഫ്രൺ ഹൗസ്' നൽകുന്ന 200 യൂറോയുമാണ് സമ്മാനം. മത്സരാർത്ഥികൾക്ക് പുറമെ, കാണികൾക്കായി ഒരുക്കിയിരിക്കുന്ന ഓഡിയൻസ് റൗണ്ടിലും ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്."

കോർക്ക് സീറോ മലബാർ കമ്യൂണിറ്റിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ്, നാഷണൽ പാസ്റ്ററൽ കൗൺസിൽ, റീജിയണൽ കൗൺസിലുകൾ എന്നിവയുടെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും വചനപ്രേമികളും ചടങ്ങിൽ സംബന്ധിക്കും. ദൈവവചനത്തെയും സഭാപാരമ്പര്യങ്ങളെയും അടുത്തറിയാൻ ഏവരേയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.


 

Tags

Share this story

From Around the Web