ഇറാഖിൽ 1,500 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം

പ്രാദേശിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും ഏറെ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, ഇറാഖിലെ പള്ളികൾ ഇപ്പോഴും നിറഞ്ഞിരിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, 1,500 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം ഇവിടുത്തെ ക്രൈസ്തവർ സന്തോഷത്തോടെ ആഘോഷിച്ചു. മൊസൂളും നിനെവേ പട്ടണങ്ങളും ഐസിസ് പിടിച്ചെടുത്തിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
ഇറാഖിന്റെ തലസ്ഥാനത്ത്, കൽദായ ഇടവകകളിൽ 50 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു. 32 പേർ സിറിയക് കത്തോലിക്കാ ഇടവകയിൽ ആദ്യകുർബാന സ്വീകരിച്ചു. 11 കുട്ടികൾ അവരുടെ ആദ്യ കുർബാന സ്വീകരിച്ചത് സിറിയക് കത്തോലിക്കാ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ഡെലിവറൻസിൽ ആണ്. 2010 ൽ ഡസൻ കണക്കിന് ആരാധകരും രണ്ട് പുരോഹിതന്മാരും കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭയാനകമായ കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിച്ച അതേ പള്ളിയാണിത്.
ബസ്രയിൽ, കൽദായൻ, അർമേനിയൻ, സിറിയക്, പ്രെസ്ബിറ്റീരിയൻ, ലാറ്റിൻ എന്നീ എല്ലാ വിഭാഗങ്ങളിലുമായി ക്രിസ്ത്യൻ കുടുംബങ്ങളുടെ എണ്ണം 350-ൽ താഴെയായി കുറഞ്ഞു. എന്നിട്ടും കഠിനമായ ജീവിത സാഹചര്യങ്ങളും പാരിസ്ഥിതിക സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അവർ സ്വന്തം നാട്ടിൽ തന്നെ തുടരുകയാണ്.