ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ - ഡ്രോൺ വർഷം, യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു
ദുബായ്/മനാമ: ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാക്കുന്നു. യുഎഇയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരു പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടു. ദുബായിലെ അൽ ബർഷയിൽ കാർ ഓടിച്ചുപോകുന്നതിനിടെ മിസൈലിന്റെ ഭാഗം വാഹനത്തിന് മുകളിൽ പതിച്ചാണ് അപകടമുണ്ടായത്. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന മുൻ നിലപാട് തള്ളിയാണ് ബഹ്റൈനിലും കുവൈറ്റിലും യുഎഇയിലും ഇറാൻ മിസൈലുകൾ അയച്ചത്.
ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ ആക്രമണത്തിൽ വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മിന സൽമാൻ മേഖലയിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവിടെ ആളപായമില്ലെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി 15 ഡ്രോൺ ആക്രമണശ്രമങ്ങളാണ് നടന്നത്. ഇവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദി അരാംകോ തങ്ങളുടെ എണ്ണക്കപ്പലുകൾ യാമ്പു തുറമുഖത്തേക്ക് തിരിച്ചുവിട്ടു.
മേഖലയിൽ യുദ്ധം പടരുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ളവരിലും എണ്ണ വിപണിയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.