കുവൈറ്റിനും ബഹ്‌റൈനും നേരെ ഇറാന്റെ മിസൈലാക്രമണം, ഡ്രോണുകൾ പ്രതിരോധിച്ചതായി സൈന്യം
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി കുവൈറ്റിനും ബഹ്‌റൈനും നേരെ ഇറാൻ വീണ്ടും സൈനിക ആക്രമണം നടത്തി. ഇന്ന് പുലർച്ചെ 4.15-ഓടെയാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇരുരാജ്യങ്ങളെയും ലക്ഷ്യമാക്കി ഇറാൻ ആക്രമണം അഴിച്ചുവിട്ടത്.
ഇറാൻ വിക്ഷേപിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളിൽ ആറെണ്ണം അമേരിക്കൻ സൈനിക സഹായത്തോടെ പ്രതിരോധിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഏഴാമത്തെ മിസൈൽ ലക്ഷ്യത്തിൽ പതിക്കാതെ വഴിമാറിപ്പോയി. ബഹ്‌റൈന് നേരെ നടന്ന ആക്രമണങ്ങളെ അവിടത്തെ സുരക്ഷാ സേനയും വിജയകരമായി പ്രതിരോധിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിലും ബഹ്‌റൈനിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ബഹ്‌റൈനിലെ പല ഭാഗങ്ങളിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും സർക്കാർ നിർദ്ദേശിച്ചു. ആക്രമണത്തിൽ ഇതുവരെ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ ഇതിനകം നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാൻ നടത്തുന്ന ഈ പുതിയ പ്രകോപനം മേഖലയെ കൂടുതൽ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.