ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഊർജ്ജ പ്രതിസന്ധിക്ക് സാധ്യത
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) പ്രഖ്യാപിച്ചു. ഇതുവഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ അഗ്നിക്കിരയാക്കുമെന്ന ഇറാന്റെ ഭീഷണി ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ടെഹ്‌റാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത നീക്കം.
ഇറാന്റെ നീക്കത്തിന് പിന്നാലെ ഖത്തർ താൽക്കാലികമായി പ്രകൃതിവാതക ഉൽപാദനം നിർത്തിവെച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ട്. ഖത്തറിലെ വാതക മേഖലയെ ഇറാൻ ലക്ഷ്യം വെക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. യുദ്ധം നീണ്ടുപോയാൽ ഇന്ത്യയിൽ കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് ഇത് കാരണമായേക്കാം.
അറബ് മണ്ണിലെ അമേരിക്കൻ സാന്നിധ്യത്തിന് നേരെയും ഇറാൻ ആക്രമണം കടുപ്പിച്ചു. റിയാദിലെ യുഎസ് എംബസിക്ക് പുറമെ കുവൈത്തിലെ ആരിഫ് ജാൻ സൈനിക താവളത്തിന് നേരെയും പത്തോളം ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തി. ആക്രമണം ലക്ഷ്യം കണ്ടതായി ഐആർജിസി അവകാശപ്പെട്ടു.