കുവൈറ്റിൽ വൈദ്യുതി പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു
കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ കടുക്കുന്നു. കുവൈറ്റിലെ ഒരു കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. പ്ലാന്റിലെ സർവീസ് കെട്ടിടമാണ് തകർത്തത്. ഇറാനിലെ തബ്റിസ് നഗരത്തിലുള്ള പെട്രോ-കെമിക്കൽ ഫാക്ടറിക്ക് നേരെയും ആക്രമണമുണ്ടായി. ഇതേത്തുടർന്ന് ഫാക്ടറിയിൽ വൻതോതിൽ വാതക ചോർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎഇയിലും പുലർച്ചെ ശക്തമായ ആക്രമണങ്ങൾ നടന്നതായും തുടർച്ചയായി സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്ക ഇറാനെതിരെ കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി മുന്നറിയിപ്പ് നൽകി. കരയുദ്ധത്തിന് ശ്രമിച്ചാൽ യുഎസ് സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായിത്തീരുമെന്ന് അദേഹം വീഡിയോ സന്ദേശത്തിലൂടെ പരിഹസിച്ചു.
3,500 സൈനികരുമായി യുഎസ് പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്ത് എത്തിയതിന് പിന്നാലെയാണ് ഈ പ്രതികരണം. 10,000 സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ യുഎസ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇറാനുമായി ഉടൻ ധാരണയിലെത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന പട്ടികയിൽ പലതും ഇറാൻ അംഗീകരിച്ചതായും പരോക്ഷ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾക്ക് വേദിയൊരുക്കാൻ തയ്യാറാണെന്ന് പാകിസ്ഥാനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നയതന്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴും രഹസ്യമായി ഇറാനെ ആക്രമിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് ആരോപിച്ചു