ഇറാനിൽ ഇന്റേൺഷിപ്പ്, അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയിൽ, ജെറിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം
കട്ടപ്പന: മർച്ചന്റ് നേവി ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി കട്ടപ്പന സ്വദേശി ജെറിൻ ജോസഫിനെ (24) കുറിച്ച് മാസം ഒന്നരയായിട്ടും വിവരമില്ലാത്തത് കുടുംബത്തെ ആശങ്കയിലാക്കുന്നു. ഫെബ്രുവരി 27-ന് ശേഷം ജെറിനുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
ആലടി ആഞ്ഞിലിമൂട്ടിൽ ജോസ് - ലൈസാമ്മ ദമ്പതികളുടെ മകനായ ജെറിൻ ചെന്നൈയിലെ രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കോഴ്സ് പൂർത്തിയാക്കിയത്. തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 27-നാണ് ഒമ്പത് മാസത്തെ ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയത്. ഏപ്രിൽ മാസത്തോടെ പരിശീലനം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് യുവാവിനെ കാണാതാകുന്നത്.
ഇറാൻ - ഇസ്രായേൽ സംഘർഷം ശക്തമായതോടെയാണ് ജെറിനുമായുള്ള ആശയവിനിമയം നിലച്ചത്. ഫെബ്രുവരി 27-ന് രാത്രിയാണ് വീട്ടുകാർക്ക് അവസാനമായി ജെറിൻ്റെ സന്ദേശം ലഭിച്ചത്. പിന്നീട് ഫോൺ വിളിക്കാനോ സന്ദേശങ്ങൾ അയയ്ക്കാനോ സാധിച്ചിട്ടില്ല. മകനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
വിഷയത്തിൽ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടപ്പോൾ ജെറിൻ സുരക്ഷിതനാണെന്നാണ് അവർ നൽകുന്ന മറുപടി. യുദ്ധസാഹചര്യം മാറിയാലുടൻ ജെറിൻ മടങ്ങിയെത്തുമെന്ന് അധികൃതർ കുടുംബത്തെ അറിയിച്ചു. എങ്കിലും ഒന്നര മാസമായി യാതൊരു വിവരവുമില്ലാത്തത് ആലടിയിലെ വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ വിഷമിപ്പിക്കുന്നുണ്ട്.