ചാക്രിക ലേഖനത്തില്‍ നിന്നുള്ള പ്രചോദനം; പത്തു ലക്ഷം മരതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ബംഗ്ലാദേശ് സഭ

ധാക്ക: ഭൂമിയുടെ സംരക്ഷണത്തിനായുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ എഴുതിയ ചാക്രിക ലേഖനമായ 'ലൗദാത്തോ സി'യ്ക്കു ഒരു പതിറ്റാണ്ട് പിന്നിട്ട പശ്ചാത്തലത്തില്‍ പത്തു ലക്ഷം മരതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ബംഗ്ലാദേശ് സഭ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, നദികളിലെ മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന തീരദേശ ദക്ഷിണേഷ്യൻ രാഷ്ട്രമാണ് ബംഗ്ലാദേശ്.
ഈ പശ്ചാത്തലവും പ്രകൃതി സംരക്ഷണത്തിനായുള്ള ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ ആഹ്വാനവും കണക്കിലെടുത്താണ് വലിയ ദൗത്യത്തിന് ബംഗ്ലാദേശ് കത്തോലിക്ക സഭ തുടക്കമിടുന്നത്. കോവിഡ് കാലയളവില്‍ തന്നെ ഈ യജ്ഞത്തിന് സഭാനേതൃത്വം തുടക്കമിട്ടിരിന്നു.
ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ദുരന്തസാധ്യതയുള്ള ഒന്‍പതാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. നദികളുടെ മണ്ണൊലിപ്പും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം ഓരോ വർഷവും നൂറുകണക്കിന് ഗ്രാമീണർ നഗരങ്ങളിലേക്ക് കുടിയേറുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ നടപടികളിൽ ഒന്നാണ് മരതൈകള്‍ നടുന്നതെന്നും അതുകൊണ്ടാണ് ബിഷപ്പുമാർ അതിന് മുൻഗണന നൽകുന്നതെന്നും ബംഗ്ലാദേശ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഫാ. തുഷാർ ജെയിംസ് ഗോമസ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.