നീതിനീഷേധവും അതിക്രമങ്ങളും അവസാനിപ്പിക്കണം; പ്രതിഷേധവുമായി ഒഡീഷയിലെ ക്രൈസ്തവര്‍ തെരുവിലിറങ്ങി

 
qq

തീവ്രഹിന്ദുത്വവാദികളുടെ ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഒഡീഷയിലെ 20 ജില്ലാ കേന്ദ്രങ്ങളില്‍ ക്രൈസ്തവര്‍ പ്രതിഷേധ റാലികളും ഹൈവേ ഉപരോധവും നടത്തി. 1,000 മുതല്‍ 5,000 വരെ പേര്‍ റാലിയില്‍ അണിനിരന്നു.

ക്രൈസ്തവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഒരു ദിവസം റാലിയും റോഡുപരോധവും നടത്തുന്നത് ആദ്യമായിട്ടാണ്. പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളുടെ അവകാ ശങ്ങള്‍ക്കായി നിലകൊള്ളുന്ന ഭാരത് മുക്തി മോര്‍ച്ചയുമായി ചേര്‍ന്നായിരുന്നു റാലികള്‍ സംഘടിപ്പിച്ചത്.

ബലമായി പള്ളികള്‍ അടച്ചുപൂട്ടുക, മതപരിവര്‍ത്തന നിരോധന നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് ഒത്തുകൂടലുകളെ കുറ്റകൃത്യമാക്കല്‍, ശവസംസ്‌കാരം നിഷേധിക്കല്‍, ആദിവാസി- ദളിത് വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവര്‍ക്ക് എതിരായി തീവ്രഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന അടിച്ചമര്‍ത്തല്‍, വിവേചനം, അക്രമം എന്നിവ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ക്രൈസ്തവര്‍ തെരുവിലിറങ്ങിയത്.

മുമ്പൊക്കെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പ്രാദേശികമായിട്ടായിരുന്നു. എന്നാല്‍, നീതിക്കുവേണ്ടി സംസ്ഥാന തലത്തില്‍ ആളുകള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നൊരു പ്രത്യേകതയും ഈ റാലികള്‍ക്ക് ഉണ്ടായിരുന്നു.

പല പട്ടണങ്ങളിലും ജനജീവിതം തടസപ്പെട്ടു, ക്രിസ്ത്യാനികള്‍ ഇനി ഒരു ആക്രമണവും വെച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കിയതെന്ന് കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതാ വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. അജയ് സിംഗ് പറഞ്ഞു.

ഒഡീഷയില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ ഇപ്പോള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്.

Tags

Share this story

From Around the Web