രാജ്യത്തെ ഏറ്റവും ഉയരമുള്ള യേശുക്രിസ്തു പ്രതിമ കർണാടകയിൽ, പ്രതിമ നിർമാണത്തിനെതിരെ ബിജെപിയും സംഘ് പരിവാർ സംഘടനകളും രംഗത്ത്, എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഡികെ. ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ കനകപുരയിൽ രാജ്യത്തെ ഏറ്റവും ഉയരമുള്ള യേശുക്രിസ്തു പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർണ്ണമായും നിയമപരമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പ്രതിമ നിർമ്മാണത്തിനായി അനുവദിച്ച 10 ഏക്കർ ഭൂമിയുടെ തുക സർക്കാർ നിശ്ചയിച്ച പ്രകാരം താൻ കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവിൽ ക്രിസ്ത്യൻ സംഘടന സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രസീലിലെ വിഖ്യാതമായ 'ക്രൈസ്റ്റ് ദി റിഡീമർ' പ്രതിമയുടെ മാതൃകയിൽ ഗ്രാനൈറ്റിലാണ് കനകപുരയിലെ പ്രതിമ നിർമ്മിക്കുന്നത്. 114 അടി ഉയരമുള്ള പ്രതിമ 13 അടി ഉയരമുള്ള പീഠത്തിന് മുകളിലാണ് സ്ഥാപിക്കുക (മൊത്തം 127 അടി). പ്രതിമയ്ക്ക് ചുറ്റും പാർക്കും വിശ്രമകേന്ദ്രങ്ങളും ഉൾപ്പെടുന്ന വിപുലമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
പ്രതിമ നിർമ്മാണത്തിന് പിന്നിൽ പ്രീണന രാഷ്ട്രീയമാണെന്ന് ആരോപിച്ച് ബിജെപിയും സംഘ്പരിവാർ സംഘടനകളും ശക്തമായ പ്രതിഷേധത്തിലാണ്. ഇതുമായി ബന്ധപ്പെട്ട ഹർജികളെത്തുടർന്ന് ഹൈക്കോടതി നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ, തന്റെ മണ്ഡലത്തിലെ ജനങ്ങളുടെയും ബിഷപ്പുമാരുടെയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതെന്നും ഇതിൽ രാഷ്ട്രീയമോ അധികാരമോഹമോ ഇല്ലെന്നും ശിവകുമാർ പറഞ്ഞു. "കനകപുരയിൽ നൂറുകണക്കിന് ക്ഷേത്രങ്ങൾ താൻ നിർമ്മിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഏക്കർ കണക്കിന് ഭൂമി വിട്ടുനൽകിയിട്ടുണ്ട്. വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.