കിരാന കുന്നുകളിലെ പാക് ആണവകേന്ദ്രത്തില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്, ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്, ആക്രമണം പാകിസ്താന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
 

 
kirana

പാകിസ്താന്റെ ആണവായുധ ശേഖരത്തിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്ന കിരാന കുന്നുകളെ ലക്ഷ്യംവെച്ച് ഇന്ത്യ ആക്രമണം നടത്തിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ടൈംസ് ഓഫ് ഇന്ത്യയാണ് സാറ്റലൈറ്റ് ഇമേജറി വിദഗ്ദനായ ഡാമിയന്‍ സൈമൺ എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാകിസ്താനിലെ സര്‍ഗോധ ജില്ലയില്‍ തന്ത്രപ്രധാനമായ സ്ഥലത്ത് മിസൈല്‍ ആക്രമണം നടന്നതായി വ്യക്തമാക്കുന്ന ഗൂഗിള്‍ എര്‍ത്തില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൈമണ്‍ പറയുന്നത് അനുസരിച്ച്, മെയ് മാസത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ പാകിസ്താനിലെ കിരാന കുന്നുകള്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചിരുന്നു.

മിസൈലിന്റെ ഇംപാക്ട് പോയിന്റാണ് ഉപഗ്രഹ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സര്‍ഗോധ വ്യോമതാവളത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തിയ റണ്‍വേകളുടെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കിരാനയിലെ പാക് ആണവകേന്ദ്രത്തെ ഇന്ത്യന്‍ സായുധ സേന ലക്ഷ്യമിട്ടിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ എ കെ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാകിസ്താന്റെ ആണവ, മിസൈല്‍ വികസന പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന മേഖലയാണ് കിരാന കുന്നുകള്‍. ഇന്ത്യ പാകിസ്താന്റെ കിരാന കുന്നുകള്‍ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാനുളള സാധ്യത കൂടുതലാണ്. ആക്രമണം പാകിസ്താന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ നേരത്തെ തന്നെ ആക്രമണം നിഷേധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ യഥാര്‍ത്ഥ വ്യാപ്തിയും ലക്ഷ്യങ്ങളും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

Tags

Share this story

From Around the Web