ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ല,മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16ലേക്ക് ചുരുക്കി

ന്യൂഡല്‍ഹി: ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്ന് ബിജെപി എംപി സുധാന്‍ഷു ത്രിവേദി. വിവാദ സിനിമ കേരള സ്റ്റോറിയുടെ പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് സുധാന്‍ഷു ത്രിവേദി ഇങ്ങനെ സംസാരിച്ചത്. സത്യം പറയാന്‍ ഭയക്കുന്ന കാലമാണെന്നും കേരള സ്റ്റോറി ധീരമായ തുറന്നു പറച്ചിലാണെന്നും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
എന്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും കേരളത്തിലെ സാഹചര്യത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്നും രേഖ ഗുപ്ത ചോദിച്ചു. നിങ്ങള്‍ പറഞ്ഞില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ സത്യം പുറത്തുവരുമെന്നും രേഖ പറഞ്ഞു. ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ല, ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും സുധാന്‍ഷു ത്രിവേദി പറഞ്ഞു. 'മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി. ഇതിനെ പിന്തുണച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍.
മതേതരത്തിന്റെ പേരില്‍ വിശ്വാസത്തിനും സംസ്‌കാരത്തിനും മേല്‍ കടന്നു കയറുകയാണ്', സുധാന്‍ഷു പറഞ്ഞു.കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഭാരതീയ സംസ്‌കാരത്തെ തച്ചുടക്കാന്‍ ശ്രമം തുടങ്ങിയതെന്നും സുധാന്‍ഷു പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യ ഇന്റര്‍നാണല്‍ സെന്ററിലെ മള്‍ട്ടിപ്പര്‍പ്പസ് ഹാളിലായിരുന്നു പരിപാടി നടന്നത്. മതപരിവര്‍ത്തനം നടത്തി മലയാളി പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടത്തിയെന്നാരോപിച്ച് നിര്‍മ്മിച്ച സിനിമയാണ് കേരള സ്റ്റോറി.