നിലക്കാതെ പെയ്ത് മഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു

 
www

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധിയിടങ്ങളിൽ കാറ്റിൽ മരം വീണ് അപകടം സംഭവിച്ചു. കണ്ണൂരിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് ഗൃഹനാഥൻ മരിച്ചു. കണ്ണവം പെരുവയിലെ ചന്ദ്രൻ (78)ആണ് മരിച്ചത്. പുലർച്ചെ 1. 30 ഓടെ ആയിരുന്നു അപകടം. വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

മറ്റൊരു സംഭവത്തിൽ ശക്തമായ കാറ്റിൽ വീടിന്‍റെ മുകളിൽ മരം വീണ് രണ്ടുപേർക്ക് പരുക്കേറ്റു. പാലക്കാട് തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട്ടിലേക്കാണ് മരം വീണത്. സരോജിനി (72) , അർച്ചന (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അർച്ചനയുടെ തലയ്ക്കാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിൽ കോ‍ഴിക്കോട് താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. താമരശ്ശേരി കാരാടി നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ പറമ്പിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ പന മുറിഞ്ഞു വീണ് വാഹനം തകർന്നു.

കൂടത്തായിക്കടുത്ത് കുന്നത്തു കണ്ടി റഷീദിന്റെ വീടിന് മുകളിൽ കൂറ്റൻ തേക്കുമരവും തെങ്ങും വീണ് വീട് തകർന്നു. പറശ്ശേരി ശിഹാബിൻ്റെ വീടിൻ്റെ മുകളിൽ തെങ്ങ് വീണു. കെഎസ്ഇബിയുടെ ലൈനിന് മുകളിൽ മരങ്ങൾ വീണ് വൈദ്യുതി നിലച്ചു. രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിൽ വടകര നാദാപുരം കുറ്റ്യാടി മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി. വൈദ്യുതി തൂണുകളിൽ മരങ്ങൾ വീണ് വൈദ്യുതി നിലച്ചു.

പത്തനംതിട്ടയിൽ ഇന്നലെ മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. കോന്നി, കുമ്പഴ മലയോര മേഖലകളിൽ ശക്തമായ മഴയിൽ കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. പൂഴിക്കാട് യുപി സ്കൂളിൻറെ മുറ്റത്തെ മരം പുലർച്ചെ മ‍ഴയെ തുടർന്ന് കടപുഴകി വീണു. മതിലും വൈദ്യുതി ലൈനും തകർത്ത് റോഡിലേക്കാണ് വീണത്.

Tags

Share this story

From Around the Web